‘താഴ്ന്ന ജാതിക്കാര്‍ വഴി നടക്കുന്നതാണ് കുടംബപ്രശ്നങ്ങള്ക്ക് കാരണം’; റോഡ് ഗതാഗതം തടസപ്പെടുത്തി
|ദലിത് കോളനിക്കാരോടുള്ള അയിത്താചരണം മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്. പൊതുറോഡ് തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ ഇതുവരെയായും തയ്യാറായിട്ടില്ല.
കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ ദലിത് കോളനിയിലേക്ക് റോഡ് വഴിയുള്ള വാഹന സഞ്ചാരം തടസ്സപ്പെടുത്താന്‍ കാരണം ദേവപ്രശ്നമാണെന്ന് ആരോപണം. മേല്ജാതിക്കാരന്റെ വീടിനോട് ചേര്‍ന്ന റോഡ് വഴി താഴ്ന്ന ജാതിക്കാരെ സഞ്ചരിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സി.പി.എം ബെള്ളൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തിലെ ദലിത് കോളനിക്കാരോടുള്ള അയിത്താചരണം മീഡിയവണ്‍ ആണ് പുറത്ത് കൊണ്ട് വന്നത്.
താഴ്ന്ന ജാതിക്കാര്‍ വീടിനോട് ചേര്‍ന്ന റോഡ് വഴി പോവുന്നതാണ് കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ദേവപ്രശ്നം. ഇതാണ് ഭൂ ഉടമ കോളനിയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെടുത്താന്‍ കാരണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി സിജി മാത്യു ആരോപിച്ചു.
ദലിത് കോളനിയിലേക്കുള്ള റോഡ് തടസ്സപ്പെടുത്തുന്നതിനെതിരെ സി.പി.എം ബെള്ളൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പാളത്തൊപ്പി ധരിച്ചായിരുന്നു കോളനിക്കാരുടെ സമരം. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ മരണം വരെ ഉപവസിക്കാനാണ് തീരുമാനമെന്ന് കോളനിവാസികള്‍ പറയുന്നു. പഞ്ചായത്തിന്റെ അസറ്റ് രേഖയിലുള്ള പൊതുറോഡ് തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ ഇതുവരെയായും തയ്യാറായിട്ടില്ല.