Kerala
സ്ഥലംമാറ്റം അട്ടിമറിക്കപ്പെടുന്നു; സെക്രട്ടറിയേറ്റിന് മുന്നില്‍ അധ്യാപകരുടെ ക്ലാസെടുപ്പ് സമരം
Kerala

സ്ഥലംമാറ്റം അട്ടിമറിക്കപ്പെടുന്നു; സെക്രട്ടറിയേറ്റിന് മുന്നില്‍ അധ്യാപകരുടെ ക്ലാസെടുപ്പ് സമരം

Web Desk
|
1 July 2018 2:33 AM GMT

എൻട്രൻസ് പരിശീലകരുടെ ലോബികൾക്കായി ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് സ്ഥലംമാറ്റം തടയുന്നുവെന്നാണ് അധ്യാപകരുടെ ആരോപണം. 

സ്ഥലംമാറ്റം അട്ടിമറിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഹയർ സെക്കണ്ടറി അധ്യാപകരുടെ ക്ലാസെടുപ്പ് സമരം. എൻട്രൻസ് പരിശീലകരുടെ ലോബികൾക്കായി ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് സ്ഥലംമാറ്റം തടയുന്നുവെന്നാണ് അധ്യാപകരുടെ ആരോപണം. ഹയർ സെക്കണ്ടറി അധ്യാപകരുടെ വാട്സാപ്പ് കൂട്ടായ്മയാണ് ക്ലാസ് സമയം കഴിഞ്ഞുള്ള സമയത്ത് സമരവുമായെത്തിയത്.

സംസ്ഥാനത്തെ പതിനാലായിരത്തോളം ഹയർ സെക്കണ്ടറി അധ്യാപകരിൽ പകുതിയെങ്കിലും എല്ലാക്കൊല്ലത്തെയും സ്ഥലം മാറ്റ പട്ടികയിൽ ഇടം പിടിക്കാറുണ്ട്. പക്ഷെ തെറ്റായ വ്യവസ്ഥകൾ മൂലം നിയമക്കുരുക്കുകളുണ്ടാകുകയും സ്ഥലംമാറ്റങ്ങൾ നടക്കുന്നില്ലെന്നുമാണ് അധ്യാപകരുടെ പരാതി.

എൻട്രൻസ് പരിശീലകരുടെ ലോബികളാണ് സ്ഥലം മാറ്റം അട്ടിമറിക്കുന്നതെന്നും അധ്യാപകർ പറയുന്നു. ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പിന്തുണയൊന്നും സമരത്തിനില്ല. വർഷങ്ങളായി അന്യജില്ലകളിൽ ജോലി ചെയ്യുകയും സ്വന്തം ജില്ലകളിലേക്ക് മടങ്ങിയെത്താൻ കഴിയാത്തവരുമാണ് വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച്‌ സമരത്തിനെത്തിയത്. സംഘടനകളുടെ പിന്തുണയില്ലാത്തതിനാലും സമരമറിയാത്തതിനാലും ക്ലാസ് എടുത്തിട്ടെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

Related Tags :
Similar Posts