അഭിമന്യുവിന്റെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് വട്ടവട
|കേരളാ - തമിഴ്നാട് അതിര്‍ത്തി മേഖലയിലെ കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായ അഭിമന്യുവിന്റെ മരണം ഞെട്ടലോടെയാണ് ജനങ്ങള്‍ കേട്ടത്
എറണാകുളം മഹാരാജാസ് കോളേജില്‍ പൊലിഞ്ഞത് ഒരു കര്‍ഷക തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും. നഷ്ടമായത് നാടിന്റെ പ്രിയപ്പെട്ട കൂട്ടുകാരന്. അഭിമന്യുവിന്റെ വേര്‍പാടിന്റെ വേദനയിലാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമവും.
കേരളാ - തമിഴ്നാട് അതിര്‍ത്തി മേഖലയിലെ കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായ അഭിമന്യുവിന്റെ മരണം ഞെട്ടലോടെയാണ് ജനങ്ങള്‍ കേട്ടത്. പഠനത്തില്‍ മിടുക്കനായിരുന്ന അഭിമന്യു പ്ലസ്ടു വിന് മികച്ച മാര്‍ക്ക് വാങ്ങി വിജയച്ചതിന് ശേഷം ഉപരിപഠനത്തിനായി മഹാരാജാസിലേയ്ക്ക് പോകുമ്പോള്‍ വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. അഭിമന്യുവിന്റെ പിതാവ് മനോഹരനും അമ്മ ഭൂപതിയും കര്‍ഷക തൊഴിലാളികളാണ്. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുട്ടികളുടെ പഠനവും ജീവിത ചെലവുകളും മുമ്പോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ അഭിമന്യുവില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയായിരുന്നു ഈ കുടുംബം.
തനിക്ക് ജോലി കിട്ടിയാല്‍ ബുദ്ധിമുട്ടുകള്‍ മാറുമെന്ന് അഭിമന്യു മാതാപിതാക്കളോട് പറയുകയും ചെയ്തിരുന്നു. എല്ലാവരോടും അടുത്തിടപഴകുന്ന അഭിമന്യു നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ട് തന്നെ അഭിമന്യുവിന്റെ മരണം വിശ്വസിക്കുവാന്‍ ഇപ്പോഴും നാട്ടുകാര്‍ക്കും കഴിഞ്ഞിട്ടില്ല.