Kerala
അമിത് ഷാ നാളെ കേരളത്തില്‍
Kerala

അമിത് ഷാ നാളെ കേരളത്തില്‍

Web Desk
|
2 July 2018 12:29 PM GMT

സംസ്ഥാന ബി.ജെ.പിയിൽ പ്രതിസന്ധികൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിൽ എത്തും. സംസ്ഥാന പ്രസിഡന്റ് പദം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് പദവി 

സംസ്ഥാന ബി.ജെ.പിയിൽ പ്രതിസന്ധികൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിൽ എത്തും. സംസ്ഥാന പ്രസിഡന്റ് പദം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് പദവി സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ആശയ വിനിമയം നടത്തും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ ആലോചനാ യോഗങ്ങളിൽ അമിത് ഷാ പങ്കെടുക്കും.

പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നത്. എന്നാൽ ബി.ജെ.പിയുടെ പുതിയ സംസ്ഥാന നേതൃത്വം സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ദേശീയ അധ്യക്ഷൻ ആശയ വിനിമയം നടത്തും. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തിലെ പാർട്ടി പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ ഇടപെടൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ബിഎൽ സന്തോഷിനോട് അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനോട് ആർ.എസ്.എസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് ആർ.എസ്.എസ് നേതൃത്വത്തെ അമിത് ഷാ നേരിട്ട് കണ്ടേക്കും.

രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ 12 മണിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോര്‍ കമ്മിറ്റി നേതാക്കളുടെ പ്രത്യേക യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിലാവും കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയും സംഘടനാ പ്രവർത്തനം സംബന്ധിച്ചും ചർച്ചയുണ്ടാവുക. ഉച്ചക്ക് മൂന്ന് മണിക്ക് പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തില്‍ അമിത് ഷാ സംബന്ധിക്കും. 5 മണിക്ക് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളുടെ ചുമലയുള്ളവരുടെ കണ്‍വെന്‍ഷന്‍ ദേശീയ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി പ്രമുഖരുമായി ആശയവിനിമയം നടത്തും. രാത്രി 9നാണ് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായുള്ള ചർച്ച. ബുധനാഴ്ച രാവിലെ അമിത് ഷാ ഡല്‍ഹിക്ക് മടങ്ങും.

Similar Posts