കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം: നാല് വൈദികർക്കെതിരെ കേസെടുത്തു
|ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിരണം ഭദ്രാസനത്തിൽ ഇന്ന്പ്രത്യേക കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.
ഓർത്തഡോക്സ് സഭാ നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ വൈദികരായ എബ്രഹാം വർഗീസ്, ജോൺസൺ വി മാത്യു, ജെയ്സ് കെ ജോർജ്, ജോബ് മാത്യു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കൊപ്പം വിശദമായ അന്വേഷണത്തിന് ശേഷം മറ്റ് വകുപ്പുകൾ കൂടി ചുമത്തിയേക്കും.
മല്ലപ്പള്ളി സ്വദേശിയായ യുവാവ് സഭാ നേതൃത്വത്തിനാണ് ആദ്യം പരാതി നൽകിയത്. പിന്നീട് കേസിൽ പ്രാഥമിക പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് പരാതിക്കാരനിൽ നിന്ന് തെളിവെടുത്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന മൊഴി വീട്ടമ്മയും നൽകിയതോടെയാണ് ക്രൈം ബ്രാഞ്ച് തുടർ നടപടികളിലേക്ക് കടന്നത്.
നിലവിൽ ആരോപണ വിധേയരായ അഞ്ച് വൈദികരെ സഭാ നേതൃത്വം സസ്പെൻഡ് ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതൽ നടപടികൾ ചർച്ച ചെയ്യുന്നതിന് ഓർത്തഡോക്സ് സഭാ കൗൺസിൽ തിരുവല്ല നിരണം ഭദ്രാസനത്തിൽ ഇന്ന് വൈകിട്ട് നടക്കും.