എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകം: മൂന്ന് എസ്.ഡി.പി.ഐ - ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
|പ്രതികളിലൊരാൾ കോളജിലെ വിദ്യാർഥിയും മറ്റൊരാൾ ഇന്ന് കോളജിൽ ചേരേണ്ടയാളുമാണ്. 15ലധികം പേരുടെ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ്
എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ - ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ബിലാല്‍, ഫറൂഖ്, റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പ്രതികളിലൊരാൾ കോളജിലെ വിദ്യാർഥിയും മറ്റൊരാൾ ഇന്ന് കോളജിൽ ചേരേണ്ടയാളുമാണ്. ഇവരുൾപ്പെടുന്ന 15ലധികം പേരുടെ സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇതിൽ ഭൂരിപക്ഷവും കോളജിന് പുറത്തുള്ള എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനായ വിദ്യാർഥി അറിയിച്ചതനുസരിച്ചാണ് പുറത്തുനിന്നുള്ള സംഘം അർധരാത്രി കോളേജിലെത്തിയതെന്നും പൊലീസ് പറയുന്നു.
സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. മഹാരാജാസ് കോളജിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അക്രമികളെ സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സെന്‍ട്രല്‍ സിഐ അനന്തലാലിനാണ് അന്വേഷണ ചുമതല.
ഇന്നലെ രാത്രിയാണ് ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെ കുത്തിക്കൊന്നത്. വൈകുന്നേരം പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. പുതിയ അധ്യയന വര്‍ഷം ഇന്ന് തുടങ്ങാനിരിക്കെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്.
കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടു വരണം. സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കൊലയെ രാഷ്ട്രീയമായി നേരിടുമെന്ന് തോമസ് ഐസക് പറഞ്ഞു.
കൊലപാതകത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ മതതീവ്രവാദികള്‍ ശക്തിപ്പെടുന്നത് ആശങ്കാജനകമാണെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ജന്മദേശമായ ഇടുക്കി വട്ടവടയിലേക്ക് കൊണ്ടുപോയി. വട്ടവടയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധിച്ചു.