മലബാര്‍ സിമന്റ്സ് കേസില്‍ വിജിലന്‍സിന് വിമര്‍ശം
|കേസില്‍ സത്യം പുറത്തുകൊണ്ടുവരണമായിരുന്നെങ്കില്‍ അത് നേരത്തെയാകാമായിരുന്നെന്നും കോടതി പറഞ്ഞു
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സിന് ഹൈക്കോടതി വിമര്‍ശം. കേസില്‍ സത്യം പുറത്തുകൊണ്ടുവരണമായിരുന്നെങ്കില്‍ അത് നേരത്തെയാകാമായിരുന്നെന്നും കോടതി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
മലബാർ സിമൻറ്സിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയിലാണ് വിജിലന്‍സിനെ കോടതി വിമര്‍ശിച്ചത്. കേസിലെ രണ്ടാം പ്രതി വി.എം രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും സുപ്രധാനമായ രേഖകള്‍ സി.ബി.ഐ കണ്ടെടുത്തതാണ്. 36 രഹസ്യസ്വഭാവമുള്ള രേഖകളാണ് കണ്ടെത്തിയത്. എന്നിട്ടും വിജിലന്‍സ് ഓന്നും ചെയ്തില്ലെന്നും കോടതി വ്യക്തമാക്കി. ഇത് വിജിലന്‍സിന്റെ അനാസ്ഥയാണ് കാണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ നിന്നും നഷ്ടപ്പെട്ട സാഹചര്യവുമുണ്ടായെന്നും കോടതി സൂചിപ്പിച്ചു. സമാന സ്വഭാവമുള്ള ഹരജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബഞ്ചിലേക്ക് കേസ് പരിഗണിക്കുന്നതിനായി സിംഗിള്‍ ബഞ്ച് മാറ്റി.