കോഴിയിറച്ചിയിലും മാരകവിഷം: തൂക്കം വര്‍ധിക്കാന്‍ 14 തരം കെമിക്കലുകള്‍, ഇറച്ചി കേടാവാതിരിക്കാന്‍ ഫോര്‍മാലിന്‍ MediaOne Investigation
|14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് കൃത്രിമം. കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നു
കേരളത്തിലേക്ക് വരുന്ന ഇറച്ചിക്കോഴികളില്‍ വളര്‍ച്ചയ്ക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കള്‍. 14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് കൃത്രിമം. കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നു. തമിഴ് ഫാമുകളില്‍ നടക്കുന്ന തട്ടിപ്പുകളുടെ ദൃശ്യങ്ങള്‍ മീഡിയവണിന്. മീഡിയവണ്‍ ഇന്‍വസ്റ്റിഗേഷന്‍
പത്തനംതിട്ട എരുമേലിയില്‍ പുതുതായി ഫാം ആരംഭിക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് ഞങ്ങള്‍ തമിഴ്നാട് രാജപ്പെട്ടിയിലെ കോഴി ഫാമില്‍ എത്തിയത്. ലാഭകരമായി ബിസിനസ് നടത്താനുള്ള വഴി ഉടമയോട് തേടി. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ഫാമിലെ തൊഴിലാളി കുറുക്കുവഴികള്‍ ഓരോന്നായി കാണിച്ച് തരുകയും വിശദീകരിക്കുകയും ചെയ്തു.
തൂക്കം വര്‍ദ്ധിക്കാനും മാംസം വര്‍ദ്ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനും കെമിക്കലുകള്‍. കോഴിക്കുഞ്ഞ് 40 ദിവസം കൊണ്ട് രണ്ടരകിലോ തൂക്കത്തിലെത്തും. 60 ദിവസം കഴിഞ്ഞാല്‍ ചത്ത് തുടങ്ങും. അങ്ങനെ ചത്താലും പേടിക്കേണ്ടെന്ന് ഫാം ഉടമ പറയുന്നു. മാംസം ഫോര്‍മാലിന്‍ കലര്‍ത്തി ഫ്രീസറില്‍ സൂക്ഷിച്ച് വില്‍പ്പന നടത്താം. ഇതിനായി കന്നാസില്‍ ഫോര്‍മാലിന്‍ എപ്പോഴും സൂക്ഷിക്കണം.
കൃത്യമായ പരിശോധന നടത്താതെ വിപണിയിലെത്തുന്ന കോഴിയിറച്ചി മൂലം മനുഷ്യനെ കാത്തിരിക്കുന്നത് മഹാരോഗങ്ങളുടെ പട്ടികയാണ്. കരള്‍, കിഡ്നി, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ രാസവസ്തുക്കള്‍ കലര്‍ന്ന കോഴിയിറച്ചി സാരമായി ബാധിക്കും.