Kerala
വട്ടവട ഗ്രാമത്തിന്റെ തേങ്ങലായി അഭിമന്യു
Kerala

വട്ടവട ഗ്രാമത്തിന്റെ തേങ്ങലായി അഭിമന്യു

Web Desk
|
3 July 2018 8:13 AM GMT

അച്ഛനും അമ്മയും സഹോദരിയും കര്‍ഷകനായ സഹോദരനും ഒപ്പം ഈ ഒറ്റമുറിയിലായിരുന്നു അഭിമന്യു അന്തിയുറങ്ങിയിരുന്നത്. ഒറ്റമുറിയെങ്കിലും ഇവിടുത്തെ അടുക്കും ചിട്ടയും അവന്‍ ജീവിതത്തിലും കാത്തുസൂക്ഷിച്ചിരുന്നു.

പറന്നുയരും മുമ്പെ ചിറകരിഞ്ഞുപോയ അഭിമന്യു എന്ന ചെറുപ്പക്കാരന്‍ വീട്ടിലും നാട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ഒരു ഗ്രാമം ഏറ്റുപറഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഇടുക്കിയിലെ വട്ടവടയെന്ന കാര്‍ഷിക ഗ്രാമം ഒന്നാകെ ഒഴുകിയെത്തി. ഒറ്റമുറി വീട്ടില്‍നിന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷയുമായി അഭിമന്യു മഹാരാജാസിന്‍റെ മുറ്റത്തെത്തിയത്.

വട്ടവടയെന്ന കാര്‍ഷിക ഗ്രാമത്തിന്‍റെ പ്രതീക്ഷയായി കണ്‍മുന്നില്‍ വളര്‍ന്ന അഭിമന്യൂവാണ് ഇന്നലെ അവര്‍ക്ക് മുന്നില്‍ ചേതനയറ്റ ശരീരമായി കിടന്നത്. സഹിക്കാനാകാതെ ചിലര്‍ അലമുറയിട്ടപ്പോള്‍ ചിലര്‍ മാറത്തടിച്ചു.

അടിയുറച്ച സിപിഎം അനുഭാവികളാണ് അഭിമന്യുവിന്‍റെ കുടുംബം. ചെറുപ്പം മുതല്‍ പാര്‍ട്ടിയുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യം. വലിയ സുഹൃത്ത് വലയം. അച്ഛനും അമ്മയും സഹോദരിയും കര്‍ഷകനായ സഹോദരനും ഒപ്പം ഈ ഒറ്റമുറിയിലായിരുന്നു അഭിമന്യു അന്തിയുറങ്ങിയിരുന്നത്. ഒറ്റമുറിയെങ്കിലും ഇവിടുത്തെ അടുക്കും ചിട്ടയും അവന്‍ ജീവിതത്തിലും കാത്തുസൂക്ഷിച്ചിരുന്നു.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്‍റെ പ്രതീക്ഷ ഈ യുവാവായിരുന്നു. മൈലുകള്‍ താണ്ടി മെട്രോനഗരത്തിലെ പഠനത്തിനായി പോകേണ്ടിവന്നപ്പോള്‍‌ കുടുംബം സ്വരുക്കൂട്ടിയതെല്ലാം നല്‍കി.

ഡിവൈഎഫ്ഐ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത് പരീക്ഷയ്ക്ക് തയ്യാറെടുത്ത് ഞായറാഴ്ച നാലുമണിയോടെയാണ് വട്ടവടയില്‍നിന്ന് അഭിമന്യു ഒടുവില്‍ യാത്ര പറഞ്ഞ് മടങ്ങിയത്. പഠിച്ച് വളര്‍ന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ അവന്‍ നേടിത്തരുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തികമായും സാമൂഹ്യമായും ഏറെ പിന്നിലുള്ള ഒരു ജനത.

Related Tags :
Similar Posts