അഭിമന്യുവിനെ അക്രമിച്ചത് 15 പേരിലധികമുള്ള സംഘമെന്ന് ദൃക്‍സാക്ഷി
|അഭിമന്യു കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള ക്യാമ്പസ്‍ഫ്രണ്ട് നേതാവിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിനെകുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 3 പേരെ കോടതി റിമാന്‍റ് ചെയ്തു. ഫാറൂഖ്, ബിലാല്‍, റിയാസ് എന്നിവരെയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിച്ചു. അതേസമയം അക്രമി സംഘത്തില്‍ 15ല്‍ കൂടുതല്‍ പേരുണ്ടായിരുന്നെന്ന് കേസിലെ ദൃക്സാക്ഷി മീഡിയവണിനോട് പറഞ്ഞു.
രാത്രി 11 മണിയോടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയ ബിലാല്‍, ഫാറൂഖ്,റിയാസ് എന്നീ പ്രതികളെ എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സന്തോഷിന്റെ വസതിയില്‍ ഹാജരാക്കിയത്. എല്ലാവരേയും മജിസ്ട്റേറ്റ് 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. ഇതിന്‍പ്രകാരം നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചിലും അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ പലരും ജില്ല വിട്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കോട്ടയത്തും, പത്തനംതിട്ടയിലും, ഇടുക്കിയിലും പ്രതികള്‍ക്കായുള്ള പരിശോധന തുടരുകയാണ്. രണ്ട് പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ വാഹനത്തിലാണ് പ്രതികള്‍ മഹാരാജാസ് കോളേജിലേക്ക് എത്തിയതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അഭിമന്യു കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള ക്യാമ്പസ്‍ഫ്രണ്ട് നേതാവിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിനെകുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം പതിനഞ്ചില്‍ കൂടുതല്‍ പേര്‍ അക്രമിസംഘത്തിലൂണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി മീഡിയവണിനോട് പറഞ്ഞു.
കേസില്‍ പങ്കാളികളായ രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് ഇന്നലെ സസ്പെന്റ് ചെയ്തു. അഭിമന്യുവിന്റെ കൊലക്ക് ശേഷം അടച്ചിട്ട മഹാരാജാസ് കോളേജില്‍ ഇന്ന് ക്ലാസുകള്‍ പുനരാരംഭിക്കും. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സന്നാഹമാണ് കോളജിലും പരിസരത്തുമുള്ളത്.