Kerala
ജി.എസ്.ടി പട്ടിണിയാക്കിയ പരമ്പരാഗത കൈത്തറി തൊഴിലാളികള്‍
Kerala

ജി.എസ്.ടി പട്ടിണിയാക്കിയ പരമ്പരാഗത കൈത്തറി തൊഴിലാളികള്‍

Web Desk
|
4 July 2018 6:17 AM GMT

കഴിഞ്ഞ നവംബറില്‍ കൈത്തറി മേഖലയെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി കൌണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പരമ്പരാഗത കൈത്തറി മേഖലക്ക് കനത്ത പ്രഹരമാണ് ജി.എസ്.ടി സമ്മാനിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കച്ചവടത്തിലുണ്ടായ വലിയ കുറവും മൂലം പല കൈത്തറി സഹകരണ സംഘങ്ങളും അടച്ച് പൂട്ടല്‍ഭീഷണിയിലാണ്.

ഒരു കാലത്ത് മൂന്ന് ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന പരമ്പരാഗത കൈത്തറി മേഖലയില്‍ നിലവിലുളളത് 1,26000ത്തില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ്. ഇവരില്‍ 88 ശതമാനവും ജോലി ചെയ്യുന്നത് സംസ്ഥാനത്തെ വിവിധ കൈത്തറി സഹകരണ സംഘങ്ങളിലാണ്. രജിസ്ട്രര്‍ ചെയ്യപ്പെട്ട 755 കൈത്തറി സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് ആകെയുളളത്. നൂലും ചായവുമടക്കമുളള അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വന്‍വര്‍ധനവും കൈത്തറി ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് വില്‍പ്പനയിലുണ്ടായ കുറവുമാണ് ജി.എസ്.ടിക്ക് ശേഷം ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി.

മുപ്പതോളം കൈത്തറി സംഘങ്ങളാണ് ജി.എസ്.ടി നടപ്പിലാക്കിയ ശേഷം അടച്ച് പൂട്ടലിന്റെ വക്കിലുളളത്. കഴിഞ്ഞ നവംബറില്‍ നടന്ന കൈത്തറി ഉപദേശക സമിതിയുടെ അപേക്ഷയെ തുടര്‍ന്ന് കൈത്തറി മേഖലയെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി കൌണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

Related Tags :
Similar Posts