സംസ്ഥാന-പൊതുതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്: നീക്കത്തിനെതിരെ ലോ പാനലിന് സിപിഎമ്മിന്റെ കത്ത്
|രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള ശ്രമത്തിന് പിന്നിലെന്നും സിപിഎം
സംസ്ഥാന-പൊതുതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നീക്കത്തിനെതിരെ സിപിഎം രംഗത്ത്. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ലോ പാനലിന് ഇക്കാര്യം വ്യക്തമാക്കി സിപിഎം കത്തയച്ചു.
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുമായി ലോ പാനല്‍ കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കി കത്തയച്ചത്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്കും താല്‍പര്യത്തിനുമെതിരാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ഇത്തരം ഒരു നീക്കം ജനാധിപത്യവിരുദ്ധവും അപ്രായോഗ്യവുമാണ്. ഏതെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പുവരെ രാഷ്ട്രപതിയുടെ കീഴില്‍ ഭരണം നടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമായി പിന്‍വാതിലിലൂടെ രാഷ്ട്രപതിയെ എക്സിക്യൂട്ടീവ് അധികാരമുള്ളയാളാക്കാനുള്ള നീക്കമാണെന്നും സിപിഎം കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള ശ്രമത്തിന് പിന്നിലെന്നും സിപിഎം ആരോപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുമായി ഇത് സംബന്ധിച്ച് ലോ പാനല്‍ കൂടിക്കാഴ്ച നടത്തുന്നത്.