വിദ്യാര്‍ഥികളില്‍ പിടിമുറുക്കി ലഹരി മാഫിയ; പൊലീസ് റെയ്ഡില്‍ ചാര്‍ജറോടുകൂടിയ ഇ- സിഗരറ്റ് വരെ
|കഞ്ചാവ് പാക്കറ്റുകള്‍, കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക തരം പേപ്പറുകള്‍, ഹുക്കകള്‍, ലഹരി പാനീയം ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള കെറ്റില്‍, ചാര്‍ജറോടുകൂടിയ ഇ- സിഗരറ്റ്...
സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ. ആധുനിക രൂപത്തിലുള്ള ലഹരി വസ്തുക്കളാണ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മാഫിയകള്‍ എത്തിക്കുന്നത്. കാസര്‍കോട് പൊലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് ഇലക്ട്രോണിക് സിഗരറ്റ് ഉള്‍പ്പടെയുള്ള ലഹരികള്‍.
കാസര്‍കോട് ചെമ്മനാട് മുണ്ടാങ്കുലത്തെ കടയില്‍ നിന്നാണ് ഇലട്രോണിക് സിഗരറ്റ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ചെമ്മനാട് സ്വദേശി സഹീര്‍ അബ്ബാസിനെ പൊലീസ് അറസ്റ്റുചെയ്തു.
ചെമ്മനാട് മുണ്ടാങ്കുലത്തെ ഒഡ്ബുജെ എന്ന കടയില്‍ ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. കഞ്ചാവ് പാക്കറ്റുകള്‍, കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക തരം പേപ്പറുകള്‍, ഹുക്കകള്‍, ലഹരി പാനീയം ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള കെറ്റില്‍, ചാര്‍ജറോടുകൂടിയ ഇ- സിഗരറ്റ് തുടങ്ങിയവയാണ് പിടികൂടിയത്.
ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സൈക്കള്‍ റാലി നടത്തിയിരുന്നു. തൃക്കരിപ്പൂര്‍ ഉദിനൂര്‍ മുതല്‍ മഞ്ചേശ്വരം വരെയായിരുന്നു സൈക്കള്‍ റാലി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് സമാന്തരമായി പൊലീസ് വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ വ്യാപകമായി നടത്തിയ റെയിഡിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. സ്കൂള്‍ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യമാക്കുന്ന വന്‍ മാഫിയ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.