Kerala
വിഷമീന്‍ പരിശോധന നിലയ്ക്കാന്‍ കാരണം എക്‍സ്‍പോര്‍ട്ടിംഗ് കമ്പനികള്‍
Kerala

വിഷമീന്‍ പരിശോധന നിലയ്ക്കാന്‍ കാരണം എക്‍സ്‍പോര്‍ട്ടിംഗ് കമ്പനികള്‍

Web Desk
|
5 July 2018 5:59 AM GMT

ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്നിട്ടാണ് മിക്ക കമ്പനികളും മത്സ്യങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നത്. 

മാരകമായ വിഷാംശമുള്ള മത്സ്യങ്ങള്‍ വിപണിയിലെത്തുന്നുണ്ടന്ന് വ്യക്തമായിട്ടും പരിശോധനകള്‍ നിര്‍ത്തിയതിന് പിന്നില്‍ എക്സ്പോര്‍ട്ടിംങ് കമ്പനികളുടെ ഇടപെടലെന്ന് ആക്ഷേപം. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്നിട്ടാണ് മിക്ക കമ്പനികളും മത്സ്യങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്ക് മത്സ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട എക്സ്പോര്‍ട്ടിംഗ് കമ്പനികളില്‍ കുറേയധികം കേരളം ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മറുനാടുകളില്‍ നിന്ന് മത്സ്യമെത്തിക്കുന്ന ഇടനിലക്കാരും സംസ്ഥാനത്ത് സജീവം. ഫോര്‍മാലിന്‍ പ്രയോഗിച്ചാല്‍ എത്ര ദിവസം വൈകിയാലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യങ്ങള്‍ കേട് കൂടാതെ കൊണ്ടുവരാന്‍ കഴിയും.

എ സി കണ്ടെയ്നറുകളില്‍ എത്തിക്കേണ്ട ചെമ്മീന്‍, കൂന്തള്‍ തുടങ്ങിയവ വിഷം തളിച്ച് സാധാരണ കണ്ടെയ്നറുകളിലാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. ഉയര്‍ന്ന വാടക ഒഴിവാക്കാനും, കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാനുമാണ് കുറുക്കുവഴി. തലയൊടിയാത്ത ചെമ്മീനുകള്‍ക്കാണ് വിദേശ രാജ്യങ്ങളില്‍ പ്രിയം. ഫോര്‍മാലിന്‍ പ്രയോഗിച്ചാല്‍ പുതുമ നിലനില്‍ക്കുമെന്ന് മാത്രമല്ല തലയും ഒടിയില്ല. കര്‍ശന പരിശോധനകള്‍ നടന്നാല്‍ എക്സ്പോര്‍ട്ടിംഗ് കമ്പനികള്‍ക്കാണ് നഷ്ടം. ഇവര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇടപെട്ട് പരിശോധനകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറിസ് ടെക്നോളജി നല്‍കുന്ന കിറ്റുകള്‍ തീര്‍ന്നതുകൊണ്ടാണ് പരിശോധനകള്‍ അവസാനിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

Similar Posts