Kerala
ടെക്‍നോപാര്‍ക്കിനുള്ളില്‍ നടക്കുന്നത് വന്‍ ക്രമക്കേട്: പരിശോധനാസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന്
Kerala

ടെക്‍നോപാര്‍ക്കിനുള്ളില്‍ നടക്കുന്നത് വന്‍ ക്രമക്കേട്: പരിശോധനാസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന്

Web Desk
|
5 July 2018 7:09 AM GMT

ജീവനക്കാരുടെ നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെ, സ്ഥാനക്കയറ്റവും കാലാവധി നീട്ടിനല്‍കുന്നതും യോഗ്യതങ്ങള്‍ ഒന്നും പരിശോധിക്കാതെ, ഇതര സമാന സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുന്നു 

സര്‍ക്കാര്‍ നല്‍കുന്ന പണം ദുരുപയോഗം ചെയ്ത് ചില ഉദ്യേഗസ്ഥര്‍ ടെക്‍നോപാര്‍ക്കിനെ നാശത്തിലേക്ക് നയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധര്‍ അടങ്ങിയ സമിതിയുടെ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെക്‍നോപാര്‍ക്കില്‍ ജീവനക്കാരെ നിയമിക്കുന്നത് മുതല്‍ വാഹനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നത് വരെ സകല മേഖലകളിലും ക്രമക്കേടാണെന്നും സംഘം കണ്ടെത്തി. സര്‍ക്കാരിന് ലഭിച്ച പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണ്‍ പുറത്ത് വിടുന്നു.

വിവര സാങ്കേതിക വിദ്യാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് മൂന്ന് അണ്ടര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന പരിശോധന സംഘത്തെ തിരുവനന്തപുരത്തെ ടെക്‍നോപാര്‍ക്ക് സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ജൂലൈ മാസം 24 ന് സംഘം നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ ടെക്‍നോപാര്‍ക്കില്‍ കണ്ടെത്തിയത്. ജീവനക്കാരെ നിയമിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്, സ്ഥാനക്കയറ്റവും കാലാവധി നീട്ടി നല്‍കുന്നതും യോഗ്യതങ്ങള്‍ ഒന്നും പരിശോധിക്കാതെ, ഇതര സമാന സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുന്നുവെന്നും പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ചട്ടങ്ങള്‍ പാലിക്കാതെ ടെക്‍നോപാര്‍ക്കിന്റെ സമ്പത്തും, ആസ്തികളും, സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡും ദുരുപയോഗം ചെയ്ത് ഈ സ്ഥാപനത്തെ ചില ജീവനക്കാര്‍ നാശത്തിലേക്കും, ദുഷ്‍പേരിലേക്കും നയിക്കുന്നുവെന്ന ഗുരുതര കണ്ടത്തലാണ് പരിശോധനസംഘം നടത്തിയിരിക്കുന്നത്. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഇല്ലെങ്കിലും ഡ്രസ് അലവന്‍സായി 4000 മുതല്‍ 6000 രൂപ വരെ അനുവദിക്കുന്നു. ചികിത്സ രേഖകളുണ്ടാക്കി ജീവനക്കാര്‍ പണം കൈപ്പറ്റുന്നുവെന്നും പറയുന്ന പരിശോധന സംഘം ഒരു മാസം ഒരാള്‍ തന്നെ പല ബില്ലുകള്‍ നല്‍കി പണം ക്ലെയിം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതിന് ടെണ്ടറോ, ക്വട്ടേഷനോ വിളിക്കാതെ ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2014 അക്കൌണ്ടന്‍റ് ജനറല്‍ നടത്തിയ പരിശോധനയിലും ടെക്‍നോപാര്‍ക്കിലെ ക്രമക്കേടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നതിന്റെ തെളിവാണ് മൂന്ന് വര്‍ഷത്തിനിപ്പുറമുള്ള ഈ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കിട്ടി മാസങ്ങളായിട്ടും നടപടിയെടുക്കാതെ അതിന്മേല്‍ അടയിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് ‍ഞങ്ങള്‍ ഇത് സമര്‍പ്പിക്കുന്നു.

Related Tags :
Similar Posts