Kerala
റെയില്‍വെ-എയര്‍പോര്‍ട്ട് അവഗണന: ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രധാന ചര്‍ച്ച
Kerala

റെയില്‍വെ-എയര്‍പോര്‍ട്ട് അവഗണന: ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രധാന ചര്‍ച്ച

Web Desk
|
6 July 2018 4:37 AM GMT

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവണനയും തിരൂരില്‍ ട്രെയിനുകള്‍ നിര്‍ത്താത്തതുമാണ് മലപ്പുറത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ച.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവണനയും തിരൂരില്‍ ട്രെയിനുകള്‍ നിര്‍ത്താത്തതുമാണ് മലപ്പുറത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ച. ഈ പ്രശ്നങ്ങള്‍ ഉന്നയിച്ച് യുഡിഎഫും എല്‍ഡിഎഫും സമര രംഗത്താണ്. ഏവരും ഉറ്റുനോക്കുന്ന പൊന്നാനിയിലെ പ്രധാന ചര്‍ച്ചാ വിഷയം റെയില്‍വേയുടെ അവഗണനയാണ്.

റണ്‍വേ നവീകരണത്തിന്‍റെ പേരില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധിയിലാണ്. ഇടത്തരം-വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി നല്‍കാതെ കരിപ്പൂരിനെ തകര്‍ക്കാനാണ് ശ്രമം. ഇതിനെതിരെ ബിജെപി ഒഴികെയുള്ള പാര്‍ടികളെല്ലാം സമര രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസിന്‍റെ രാപ്പകല്‍ സമരമാണ് അവസാനം നടന്നത്. മലപ്പുറം മണ്ഡലത്തിലെ പ്രധാന വിഷയമായി ഇത് മാറി.

32 ദീര്‍ഘദൂര തീവണ്ടികള്‍ക്ക് മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പില്ല എന്നത് പൊന്നാനി മണ്ഡലത്തിലെ ചൂടേറിയ ചര്‍ച്ചയാണ്. തിരൂരില്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് യൂത്ത് ലീഗും ഡിവൈഎഫ്ഐയും സമര രംഗത്തുണ്ട് . ലീഗിന്‍റെ കയ്യിലുള്ള പൊന്നാനി പിടിക്കാന്‍ ഈ വിഷയം സജീവ ചര്‍ച്ചയാക്കുകയാണ് സിപിഎം.

എല്ലാവര്‍ക്കും മുമ്പു തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ആരംഭിച്ച മുസ്ലിം ലീഗ് പൊന്നാനി കണ്‍വെന്‍ഷനില്‍ തിരൂരിലെ തീവണ്ടി പ്രശ്നം തന്നെയാണ് പ്രധാനമായും വിശദീകരിച്ചത്.

എയര്‍പോര്‍ട്ട്, റെയില്‍വേ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയായി യുഡിഎഫ് ഉന്നയിക്കുമ്പോള്‍ ജില്ലയില്‍ നിന്നുള്ള നാല് യുഡിഎഫ് എംപിമാര്‍ എന്തു ചെയ്തു എന്ന ചോദ്യം എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നു.

Related Tags :
Similar Posts