ജലന്ധര്‍ ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്ത്
|ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ പരാതി. തന്‍റെ മകളെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തി.
ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ പരാതി. തന്‍റെ മകളെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തി. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വിഷയത്തില്‍ പരാതി നല്‍കിയിരുന്നതായും കന്യാസ്ത്രീയുടെ പിതാവ് വെളിപ്പെടുത്തി.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ സേവനം ചെയ്യുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹാംഗമായ മറ്റൊരു കന്യാസ്ത്രീയുടെ പിതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കുറവിലങ്ങാട് മഠത്തില്‍ നിന്ന് അന്യായമായി കന്യാസ്ത്രീക്ക് ജലന്ധറിലേക്ക് സ്ഥലം മാറ്റം നല്‍കിയിരുന്നു. മദര്‍ പദവി നീക്കം ചെയ്യുകയും ചെയ്തു. സഭയുടെ മദര്‍ ജനറലിനോട് ഇതിനെക്കുറിച്ച് പരാതി ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തി. നിര്‍ബന്ധിച്ച് മാപ്പപേക്ഷ എഴുതിച്ചതായും കന്യാസ്ത്രീ പറയുന്നു.
തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും എന്തും ചെയ്യാന്‍ മടിയില്ലാത്തയാളാണ് ഫ്രാങ്കോ മുളയ്ക്കലെന്നും കന്യാസ്ത്രീ പിതാവിനെ കത്ത് മുഖേന അറിയിച്ചിരുന്നു. പരാതി മദര്‍ സുപ്പീരിയറും ഫ്രാങ്കോ മുളയ്ക്കലും പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നും കന്യാസ്ത്രീ പറയുന്നു. ഈ വിഷയങ്ങളില്‍ കന്യാസ്ത്രീയുടെ പിതാവ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍കണ്ട് പരാതി ഉന്നയിച്ചു. എന്നാല്‍ പരാതി മാധ്യമങ്ങളെ അറിയിക്കരുതെന്നും നിയമനടപടി സ്വീകരിക്കരുതെന്നും പരിഹാരമുണ്ടാക്കാമെന്നും ആലഞ്ചേരി പറഞ്ഞതായും കന്യാസ്ത്രീയുടെ പിതാവ് വെളിപ്പെടുത്തി.