Kerala
വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസ്: പൊലീസ് തെളിവെടുപ്പ് തുടങ്ങി
Kerala

വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസ്: പൊലീസ് തെളിവെടുപ്പ് തുടങ്ങി

Web Desk
|
6 July 2018 3:38 AM GMT

പീഡനം നടന്നതായി വീട്ടമ്മ മൊഴിയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. രണ്ട് ദിവസത്തിനകം തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ വൈദികര്‍ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകുമെന്നിരിക്കെ തെളിവെടുപ്പ് നടപടികള്‍ ദ്രുതഗതിയിലാക്കി അന്വേഷണസംഘം. പീഡനം നടന്നതായി വീട്ടമ്മ മൊഴിയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. രണ്ട് ദിവസത്തിനകം തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മജിസ്ട്രേറ്റിന് മുന്‍പാകെ യുവതി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പീഡനക്കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികരായ ഫാദർ എബ്രഹാം വർഗീസ്, ജെയ്സ് കെ ജോർജ്, ജോബ് മാത്യു, ജോൺസൺ വി മാത്യു എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ കാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതില്‍ ജോണ്‍സണ്‍ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കലും മറ്റുള്ളവര്‍ക്കെതിരെ ബലാത്സംഗക്കുറ്റവുമാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. യുവതി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചതിനാല്‍ മൊഴിയില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള തെളിവെടുപ്പാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊച്ചിയിലെ മുറിവാടകയുടെ ബില്ലിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്. ഒളിവില്‍ കഴിയുന്ന വൈദികര്‍ക്കായി അവരുടെ വീടുകളില്‍ അന്വേഷണ സംഘം എത്തിയെങ്കിലും എവിടെയുണ്ടെന്ന് അറിയില്ലെന്ന മറുപടിയാണ് കുടുംബാംഗങ്ങള്‍ നല്‍കിയത്. വൈദികര്‍ എവിടെയാണുള്ളതെന്ന കൃത്യമായ സൂചന അന്വേഷണ സംഘത്തിനുണ്ടെങ്കിലും ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകില്ല.

Similar Posts