തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തിലെ എസ്‍ഡിപിഐ-എല്‍ഡിഎഫ് സഖ്യം വിവാദമാകുന്നു
|നെടുമങ്ങാട് എംഎല്‍എ സി ദിവാകരനുമായി നടത്തിയ ചർച്ചയിൽ എസ്‍ഡിപിഐ പറഞ്ഞ സ്ഥാനാർത്ഥിയെയാണ് എല്‍ഡിഎഫ് നേതൃത്വം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് കോൺഗ്രസ് ആരോപണം.
തിരുവനന്തപുരത്ത് വെമ്പായം ഗ്രാമപഞ്ചായത്തിലെ എസ്‍ഡിപിഐ-എല്‍ഡിഎഫ് സഖ്യം വിവാദത്തിലേക്ക്. എസ്‍ഡിപിഐ പിന്തുണയോടെയാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. എസ്‍ഡിപിഐ നിര്‍ദേശിച്ചയാളെയാണ് എല്‍ഡിഎഫ് പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
21 അംഗങ്ങളുള്ള വെമ്പായം പഞ്ചായത്തില്‍ മുൻ ധാരണപ്രകാരം സിപിഎം രണ്ടര വർഷം ഭരിച്ചതിന് ശേഷമാണ് സിപിഐ രണ്ടര വർഷം ഭരിക്കുന്നത്. സിപിഎമ്മിന് 6 അംഗങ്ങളും സിപിഐക്ക് 3 അംഗങ്ങളുമാണ് പഞ്ചായത്തിലുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ അംഗബലം 10 ആയി. എസ്‍ഡിപിഐ അംഗം ഇര്‍ഷാദിന്റെ പിന്തുണയും ലഭിച്ചതോടെയാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്.
നെടുമങ്ങാട് എംഎല്‍എ സി ദിവാകരനുമായി നടത്തിയ ചർച്ചയിൽ എസ്‍ഡിപിഐ പറഞ്ഞ സ്ഥാനാർത്ഥിയെയാണ് എല്‍ഡിഎഫ്നേതൃത്വം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് കോൺഗ്രസ് ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു.
വർഗീയ പാർട്ടികളുമായി യാതൊരു വിധ പിന്തുണയും എല്‍ഡിഎഫിന് ആവശ്യമില്ലെന്നും എസ്‍ഡിപിഐ യുടെ വോട്ട് ഇല്ലാതെ തന്നെ ജയിക്കാൻ കഴിഞ്ഞെന്നുമാണ് ഇടതുനേതൃത്വം പറയുന്നത്.