പൊന്നാനിയില്‍ ആരാകും ലീഗ് സ്ഥാനാര്‍ഥി; കുഞ്ഞാലിക്കുട്ടി സമ്മതം മൂളുമോ ?
|ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ വീണ്ടും മല്‍സരിച്ചാല്‍ വിജയം എളുപ്പമാകില്ലെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചു. പി കെ കുഞ്ഞാലിക്കുട്ടി മല്‍സര രംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സംഘടനാ ദൌര്‍ബല്യം നേരിടുന്ന പൊന്നാനിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 2000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമേ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിനുള്ളൂ. ഇനിയും പരിഹരിക്കാനാകാത്ത സംഘടനാ ദൌര്‍ബല്യമാണ് പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. സിറ്റിംഗ് എം പി ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ വീണ്ടും മല്‍സരിച്ചാല്‍ വിജയം എളുപ്പമാകില്ലെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ജനകീയനായ പി കെ കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായം പാര്‍ടിയിലുണ്ട്.
എന്നാല്‍ ലോക്സഭയിലേക്ക് വീണ്ടും മല്‍സരിക്കുന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി ഇനിയും മനസ്സ് തുറന്നിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ കുഞ്ഞാലിക്കുട്ടി അഗ്രഹിക്കുന്നുവെന്ന സൂചനകളുമുണ്ട്. അതുകൊണ്ട് തന്നെ പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടാകും പൊന്നാനി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നിര്‍ണായകമാകുക.
പൊന്നാനിയില്‍ നിന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ മാറുന്നുവെന്ന പ്രചരണം ശക്തമായതോടെ സ്ഥാനാര്‍ത്ഥി മോഹികളും രംഗത്തെത്തി. അബ്ദുസ്സമദ് സമദാനി, പിഎം സാദിഖലി, കെഎസ് ഹംസ തുടങ്ങിയവരെല്ലാം പൊന്നാനി സീറ്റ് ആഗ്രഹിക്കുന്നവരാണ്.