ചികിത്സ നിഷേധിച്ചിട്ടില്ല, മാര്‍ ക്രിസോസ്റ്റം ആരോഗ്യവാന്‍; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
|മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത, മാര്‍ ക്രിസോസ്റ്റത്തിന്റെ ആരോഗ്യനില വഷളായെന്നും സഭാ നേതൃത്വം വിദഗ്ദ ചികിത്സ നിഷേധിച്ചെന്നും വ്യാജ വാര്‍ത്ത.
മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത, മാര്‍ ക്രിസോസ്റ്റത്തിന്റെ ആരോഗ്യനില വഷളായെന്നും സഭാ നേതൃത്വം വിദഗ്ദ ചികിത്സ നിഷേധിച്ചെന്നും വ്യാജ വാര്‍ത്ത. അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മാര്‍ത്തോമ സഭ നേതൃത്വം വ്യക്തമാക്കി. ക്രിസോസ്റ്റത്തിന് പക്ഷാഘാതമുണ്ടായെന്നും വെല്ലൂരിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ മെത്രാപൊലീത്ത അനുവാദം നല്‍കിയില്ലെന്നുമായിരുന്നു വ്യാജ വാര്‍ത്ത.
രോഗബാധിതനായതിനെ തുടര്‍ന്ന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാര്‍ ക്രിസോസ്റ്റത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് അദ്ദേഹത്തിന്റെ ഇടവകയായ ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി സംരക്ഷണ സമിതിയുടെ പേരില്‍ ഇറങ്ങിയ പ്രസ്താവനയാണ് വ്യാജവാര്‍ത്തയുടെ ഉറവിടം. ക്രിസോസ്റ്റത്തിന് പക്ഷാഘാതമുണ്ടായെന്നും സ്ഥിതി ആശങ്കാ ജനകമാണെന്നുമാണ് പ്രസ്താവനയിലുള്ളത്. വിദഗ്ദ ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത അനുവാദം നല്‍കിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഒരു ഇംഗ്ലീഷ് ദിനപത്രവും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ മാര്‍ത്തോമ സഭാ നേതൃത്വം പുലിവാല് പിടിച്ചു. ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ക്രിസോസ്റ്റത്തിന്റെ ദൃശ്യങ്ങള്‍ അവര്‍ തന്നെ പുറത്തുവിട്ടു.
മാര്‍ ക്രിസോസ്റ്റം സുഖം പ്രാപിക്കുന്നതായും മരുന്നും ഭക്ഷണവും കഴിക്കുന്നുണ്ടെന്നും അദ്ദേഹം ചുരുക്കം സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെന്നും സഭാ കൌണ്‍സില്‍ അഗം ജേക്കബ് ഇമ്മാനുവേല്‍ പ്രസ്താവന ഇറക്കി. അതേസമയം ആദ്യം പ്രസ്താവന ഇറക്കിയ ഇമ്മാനുവേല്‍ മാര്‍ത്തോമ പളളി സംരക്ഷണ സമിതി കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല.