ഫീസ് കുടിശ്ശിക; മെഡിക്കല്‍ പ്രവേശത്തില്‍ സംവരണ വിഭാഗത്തെ തഴയുമെന്ന് സ്വകാര്യ മാനേജ്മെന്റുകള്‍
|ഇവരുടെ കഴിഞ്ഞ വര്‍ഷത്തെ ഫീസ് കുടിശിക സര്‍ക്കാര്‍ ഉടന്‍ തീര്‍ക്കണമെന്നും ഈ വര്‍ഷത്തെ ഫീസിന്റെ കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എം.ബി.ബി.എസ് സീറ്റുകളിലേക്ക് സംവരണ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്. സര്‍ക്കാര്‍ ഇവരുടെ ഫീസ് കുടിശ്ശിക ഉടന്‍ അടക്കണമെന്നും ഈ വര്‍ഷത്തെ ഫീസ് അടക്കുമെന്ന് രേഖമൂലം ഉറപ്പ് നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് കത്തു നല്കി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് അഡ്മിഷന് ലഭിച്ച എസ്.ഇ, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാറാണ് അടക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ ഏതാനും വിദ്യാര്‍ഥികളുടെ ഫീസ് മാത്രമാണ് ലഭിച്ചതെന്നും ഫീസ് കുടിശ്ശിക തീര്‍ക്കുന്ന മുറക്ക് മാത്രമെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കൂ എന്നും കാണിച്ച് മാനേജ്മെന്റ് അസോസിയേഷന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് കത്ത് നല്കി. ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ അടക്കുമെന്ന ഉറപ്പ് ഈ മാസം 12നകം ലഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലങ്കില്‍ നിരവധി കുട്ടികളുടെ മെഡിക്കല്‍ പ്രവേശം പ്രതിസന്ധിയിലാകും. ഈ മാസം 18ന് എം.ബി.ബി.എസ് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാകും. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ഉടന്‍ പ്രവേശനം നല്‍കുമെന്ന് മാനേജ്മെന്റ് അസോസിയേഷന് അറിയിച്ചു.