Kerala
അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ഥികളുടെ പ്രവേശനം സ്വാശ്രയ കോളജ് നിഷേധിക്കുന്നു
Kerala

അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ഥികളുടെ പ്രവേശനം സ്വാശ്രയ കോളജ് നിഷേധിക്കുന്നു

Web Desk
|
9 July 2018 3:25 PM GMT

അഞ്ച് വര്‍ഷത്തെ ബാങ്ക് ഗാരന്റി നല്‍കാന്‍ വിസമ്മതിച്ചവര്‍ക്ക് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍കോളജിലാണ് പ്രവേശനം നിഷേധിച്ചത്

ആദ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാശ്രയ കോളജ് പ്രവേഷനം നിഷേധിക്കുന്നു. അഞ്ച് വര്‍ഷത്തെ ബാങ്ക് ഗാരന്റി നല്‍കാന്‍ വിസമ്മതിച്ചവര്‍ക്ക് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍കോളജിലാണ് പ്രവേശനം നിഷേധിച്ചത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിര്‍ദേശത്തിന് വിരുദ്ധമായി ബാങ്ക് ഗാരന്റി വാങ്ങരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എം.ബി.ബി.എസിലെ ആദ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചാല്‍ ഒരു വര്‍ഷത്തെ ഫീസ് അടച്ച് പ്രവേശനം നേടണമെന്നാണ് വ്യവസ്ഥ. മറ്റ് ഫീസുകള്‍ അവസനാ അലോട്ട്മെന്റിന് ശേഷം മാത്രം അടച്ചാല്‍ മതി. പിന്നീടുള്ള അലോട്ട്മെന്റുകളില്‍ കോളജ് മാറ്റം ഉണ്ടായാല്‍ അടച്ച ഫീസ് തിരിച്ചുകൊടുക്കണമെന്നും വ്യവസ്ഥയുണ്ട്.

ഇത് അട്ടിമറിച്ചാണ് സ്വാശ്രയ കോളജുകള്‍ അ‍ഞ്ച് വര്‍ഷത്തെ ഫീസിന് ബാങ്ക് ഗാരന്റി ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് 28 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്‍കണം. ഇതിന് പുറമേ ‌സ്പെഷ്യല്‍ ഫീസായി 2 ലക്ഷം രൂപ നല്‍കണമെന്നും കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആവശ്യപ്പെട്ടു. പ്രവേശനം തടഞ്ഞതോടെ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും കോളജിന് മുന്നില്‍ പ്രതിഷേധിച്ചു.

ഇതിനിടെ ഒരു വിദ്യാര്‍ഥി ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം അനുയോജ്യമായ തീരുമാനമെടുക്കുമെന്നാണ് കോളജ് മാനേജ്മെന്റിന്റെ നിലപാട്. അലോട്ട്മെന്റിന്റെ അടുത്ത ഘട്ടങ്ങളില്‍ കോളജ് മാറാനുള്ള സാധ്യത ഇല്ലാതാക്കാനാണ് മാനേജ്മെന്റുകള്‍ ഇപ്പോള്‍ തന്നെ ബാങ്ക് ഗാരന്റി ആവശ്യപ്പെടുന്നത്.

Similar Posts