പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ മാതൃകയുമായി ഒരു സ്കൂള്‍
|ചൂടു കൂടുമ്പോഴല്ല പ്രകൃതിയെ കുറിച്ച് ചിന്തിക്കേണ്ടത്, നല്ല മഴക്കാലത്ത് നടുന്ന മരങ്ങള്‍ വേനലില്‍ തണലാകുമെന്ന തിരിച്ചറിവാണ് പാതയോരം തണലോരം പദ്ധതിയിലേക്ക് നയിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ മാതൃകയുമായി ഒരു സ്കൂള്‍. കോഴിക്കോട് തൃക്കുറ്റിശ്ശേരി ഗവണ്മെന്റ് യു.പി സ്കൂളിലെ കുട്ടികളാണ് പത്ത് കിലോമീറ്റര്‍ പാതയോരത്ത് ആയിരം തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്.
ചൂടു കൂടുമ്പോഴല്ല പ്രകൃതിയെ കുറിച്ച് ചിന്തിക്കേണ്ടത്, നല്ല മഴക്കാലത്ത് നടുന്ന മരങ്ങള്‍ വേനലില്‍ തണലാകുമെന്ന തിരിച്ചറിവാണ് പാതയോരം തണലോരം പദ്ധതിയിലേക്ക് നയിച്ചത്. നാടിന് തണലാകാന്‍ ആയിരം മരങ്ങള്‍ എന്ന മുദ്രാവാക്യവുമായി കൂട്ടാലിട മുതല്‍ ബാലുശ്ശേരിവരെയുള്ള പത്ത് കിലോമീറ്റര്‍ സ്ഥലത്ത് വിദ്യാര്‍ഥികള്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് നേരത്തെതന്നെ അംഗീകാരങ്ങള്‍ നേടിയ തൃക്കുറ്റിശ്ശേരി യു.പി സ്കൂള്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും, രക്ഷിതാക്കളും രംഗത്തെത്തി. തങ്ങള്‍ നട്ടു വളര്‍ത്തുന്ന ആയിരം മരങ്ങളും നാളെ എല്ലാവര്ക്കും തണലാകുമെന്നാണ് ഈ കുട്ടികളുടെ പ്രതീക്ഷ.