രാമായണ മാസാചരണത്തിനൊരുങ്ങി സി.പി.എം
|ഹിന്ദു ആരാധനാലയങ്ങളെ ആര്‍.എസ്.എസ് കയ്യടക്കുന്നത് തടയാന്‍ വേണ്ടിയാണ് പാര്‍ട്ടി നീക്കം
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്ര സംഘടിപ്പിച്ചതിന് പിന്നാലെ രാമായണ മാസാചരണവും നടത്താനൊരുങ്ങി സി.പി.എം. പാര്‍ട്ടിയുടെ കീഴിലുള്ള സംസ്‌കൃത സംഘത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഹിന്ദു ആരാധനാലയങ്ങളെ ആര്‍.എസ്.എസ് കയ്യടക്കുന്നത് തടയാന്‍ വേണ്ടിയാണ് പാര്‍ട്ടി നീക്കം.
ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് പിടിമുറുക്കുന്നുവെന്ന കാര്യം സി.പി.എമ്മിന്‍റെ സംസ്ഥാനസമ്മേളനത്തിലും ഉയര്‍ന്നു വന്നിരുന്നു. ആര്‍.എസ്.എസിന്‍റെ ഈ നീക്കം തടയാനും ഹൈന്ദവ വിശ്വാസികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുമുള്ള പാര്‍ട്ടിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് രാമായണ മാസാചരണം.
ഈമാസം 25-ന് തിരുവനന്തപുരത്ത് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചാണ് പരിപാടി തുടങ്ങുന്നത്. രാമായണ പാരായണവും രാമായണത്തിന്‍റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന പ്രസംഗങ്ങളും സെമിനാറുകളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പാര്‍ട്ടി നേരിട്ടല്ല ഇതിന് നേതൃത്വം നല്‍കുന്നത്. സംസ്കൃത പണ്ഡിതരുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനയായ സംസ്കൃത സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്.