Kerala
ഹവിൽദാരുടെ തിരോധാനത്തിൽ ദുരൂഹത; ഒന്നര മാസമായിട്ടും വിവരമില്ല
Kerala

ഹവിൽദാരുടെ തിരോധാനത്തിൽ ദുരൂഹത; ഒന്നര മാസമായിട്ടും വിവരമില്ല

Web Desk
|
10 July 2018 5:27 AM GMT

ഷിജു ഒരു യാത്രക്കിടെ ഓടിപ്പോയെന്നാണ് അധികൃതര്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് നിൽക്കുന്ന ഷിജു ഒരിക്കലും ഓടിപ്പോകില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം.

ഹരിയാനയിൽ ജോലി ചെയ്തിരുന്ന ഹവിൽദാരുടെ തിരോധാനത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. കോഴിക്കോട് ചാത്തമംഗലം വെള്ളലശേരി പൊന്‍പണത്തിൽ ഷിജുവിനെയാണ് മെയ് 28 മുതല്‍ കാണാതായത്. തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോയ ഷിജുവിനെ കാണാനില്ലെന്ന് പറഞ്ഞ് മെയ് 28നാണ് വീട്ടിലേക്ക് ലെഫ്റ്റനന്റ് കേണൽ മിശ്രയുടെ ഫോൺ വരുന്നത്. ഒരു യാത്രക്കിടെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഷിജു ഓടിപ്പോയെന്നാണ് അധികൃതര്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് നിൽക്കുന്ന ഷിജു ഒരിക്കലും ഓടിപ്പോകില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ഉറപ്പിച്ച് പറയുന്നു. കോഴിക്കോട് ജില്ലാ കലക്ടർ, മുഖ്യമന്ത്രി പിണറായി വിജയൻ, എംപി എം.കെ.രാഘവൻ, ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ് തുടങ്ങിയവർക്കെല്ലാം കുടുംബം പരാതി നൽകിയെങ്കിലും ഒന്നര മാസമായിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഇതിനു മുമ്പും ജോലി സ്ഥലത്ത് ഷിജു കടുത്ത പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി കുടുംബം പറയുന്നു. മെയ് 28ന് കാണാതായതായി പറയുന്ന ആളെക്കുറിച്ച് കുടുംബത്തിന്റെ സമ്മര്‍ദം ശക്തമായ ശേഷം ജൂൺ 13ന് മാത്രം പരാതി നൽകിയതു തന്നെ ദുരൂഹതക്ക് തെളിവാണെന്ന് കുടുംബം വിശദീകരിക്കുന്നു. അപകടങ്ങളൊന്നും സംഭവിക്കാതെ ഷിജു ഉടന്‍ തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ഭാര്യയും മകളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം.

Similar Posts