വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ജോലിക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നു
|ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച മട്ടന്നൂര്‍ സ്വദേശി നായ്ക് സി.രതീഷിന്റെ ഭാര്യ ജ്യോതിയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ആശ്രിത നിയമനത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികന്റെ ഭാര്യ ജോലി തേടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നു. ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച മട്ടന്നൂര്‍ സ്വദേശി നായ്ക് സി.രതീഷിന്റെ ഭാര്യ ജ്യോതിയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ആശ്രിത നിയമനത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
2016 ഡിസംബര്‍ 17നാണ് ശ്രീനഗറിലെ താംബോറില്‍ ഭീകരരുടെ വെടിയേറ്റ് നായിക് സി.രതീഷ് വീരമത്യു വരിച്ചത്. രാജ്യത്തിന് വേണ്ടി പിതാവ് ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ മകന്‍ കാശിനാഥിന് ആറുമാസം മാത്രമായിരുന്നു പ്രായം. ഈ മകനെയുമായി രതീഷിന്റെ് ഭാര്യ ജ്യോതി കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. എന്നാല്‍ സര്‍ക്കാരും പ്രതിരോധ വകുപ്പും ഇവരുടെ അപേക്ഷ കേട്ട മട്ടില്ല. കുടുംബത്തിലെ ഏക ആശ്രയമായിരുന്നു രതീഷ്. രണ്ട് വയസുളള മകനും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ ജ്യോതിക്ക് ഒരു ജോലി കൂടിയെ തീരൂ.
ഒരു വര്‍ഷം മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സൈനിക ക്ഷേമ ഡയറക്ടറേറ്റിലേക്ക് ഫയല്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെയായി ഒരു മറുപടിയും ലഭിച്ചില്ല. രതീഷിന്റെ സംസ്കാര ചടങ്ങിനെത്തിയ സംസ്ഥാന മന്ത്രിമാരും അന്ന് ഭാര്യക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷെ, പിന്നീട് എല്ലാവരും എല്ലാം മറന്നുവെന്നതാണ് ഈ കുടുംബത്തിന്റെന സങ്കടം.