Kerala
സ്വാശ്രയ മെഡിക്കൽ കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി
Kerala

സ്വാശ്രയ മെഡിക്കൽ കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി

Web Desk
|
10 July 2018 3:15 PM GMT

കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുതെന്ന് ഹൈക്കോടതി. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഒന്നാം വര്‍ഷ എം.ബി.ബി.എസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ നിര്‍ദേശം നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്‍ട്രന്‍സ് കമ്മിഷണര്‍ നല്‍കിയ അലോട്ട്മെന്റ് മെമ്മോയിലും സര്‍ക്കാര്‍ ഉത്തരവിലും നാല് വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടതില്ലെന്നാണ് കോടതി നിര്‍ദേശം.

കഴിഞ്ഞ ദിവസം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിക്ക് കോടതി അനുകൂല ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഹരജിക്കാരിക്ക് മാത്രമാണോ ഉത്തരവ് ബാധകമെന്ന് ചോദ്യം ഉയര്‍ന്നു. എന്നാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതോടെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളജുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ബാങ്ക് ഗ്യാരണ്ടി ഈടാക്കുന്നില്ലെന്ന് എന്‍ട്രന്‍സ് കമ്മിഷണറും ഫീസ് നിര്‍ണയ സമിതിയും ഉറപ്പാക്കണമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Similar Posts