Kerala
ഇന്ധന വില കുതിക്കുന്നു; ബസുടമകള്‍ സമരത്തിന്
Kerala

ഇന്ധന വില കുതിക്കുന്നു; ബസുടമകള്‍ സമരത്തിന്

Web Desk
|
10 July 2018 7:13 AM GMT

അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 84 പൈസ വര്‍ധിച്ചു. ഡീസലിന് 74 പൈസയും. എന്നാല്‍ കാര്യമായ പ്രതിഷേധം ഇനിയും ഉയര്‍ന്നിട്ടില്ല.

രാജ്യത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് എണ്‍പത്തിനാല് പൈസയും ഡീസലിന് എഴുപത്തിനാല് പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങുകയാണ് ബസുടമകള്‍.

കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് ആഴ്ചകളോളം ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. തെര‍ഞ്ഞെടുപ്പിന് പിന്നാലെ ദിനം പ്രതി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു കൊണ്ടേയിരുന്നു. ഇടക്ക് ഇന്ധന വിലയില്‍ നേരിയ കുറവ് വരുത്തിയെങ്കിലും ഈ മാസം അഞ്ച് മുതല്‍ തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 84 പൈസ വര്‍ധിച്ചു. ഡീസലിന് 74 പൈസയും. എന്നാല്‍ കാര്യമായ പ്രതിഷേധം ഇനിയും ഉയര്‍ന്നിട്ടില്ല. അതേ സമയം വീണ്ടും സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പാണ് ബസുടകമള്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ബസുടമകള്‍ സര്‍ക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്. അംഗീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം.

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി തൊഴിലാളികളും സമരപാതയിലാണ്. അടുത്ത മാസം 20നകം ഓട്ടോ ടാക്സി നിരക്ക് വര്‍‌ധനവ് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ധന വില വര്‍ധനവ് വിലക്കയറ്റത്തിനും വഴിവെച്ചിട്ടുണ്ട്.

Similar Posts