Kerala
അന്‍വര്‍ എം.എല്‍.എക്ക് തിരിച്ചടി; തടയണ പൊളിക്കാന്‍ കോടതി ഉത്തരവിട്ടു
Kerala

അന്‍വര്‍ എം.എല്‍.എക്ക് തിരിച്ചടി; തടയണ പൊളിക്കാന്‍ കോടതി ഉത്തരവിട്ടു

Web Desk
|
10 July 2018 2:50 PM GMT

തടയണ പൊളിച്ചു വെള്ളം രണ്ട് ആഴ്ചയ്ക്കകം ഒഴുക്കി കളയണം. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയില്‍ ചീങ്കണ്ണിപ്പാലിയില്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചക്കകം തടയണ പൊളിച്ച് വെള്ളം ഒഴുക്കി കളയണമെന്ന് മലപ്പുറം ജില്ലാകലക്ടര്‍ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

ചീങ്കണ്ണിപ്പാലിയിൽ എം.എല്‍.എയുടെ ഭാര്യാ പിതാവ് അബ്ദുൽ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിൽ നിർമിച്ചിട്ടുള്ള തടയണ പൊളിക്കണമെന്ന് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചക്കകം കോടതി ഉത്തരവ് പാലിക്കണമെന്നും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളം ഒഴുക്കികളയുന്നതിനായി ജില്ലാകലക്ടര്‍ സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ‌

പ്രദേശത്ത് ഉരുള്‍പൊട്ടലിന് ഭീഷണിയുള്ളതിനാല്‍ തടയണ പൊളിച്ച് വെള്ളം ഒഴുക്കികളയണമെന്ന് ചൂണ്ടിക്കാട്ടി എം.പി വിനോദെന്ന ആളാണ് കോടതിയെ സമീപിച്ചത്. തടയണ പ്രദേശവാസികള്‍ക്ക് ഭീഷണിയാണെന്ന് ജില്ലാ കലക്ടറും അറിയിച്ച സാഹചര്യത്തിലാണ് വെള്ളം ഒഴുക്കിക്കളയാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കുളം 2015ൽ നവീകരിച്ചെന്നും കുന്നിൻ പ്രദേശമായതിനാൽ മഴ പെയ്ത് ചെളിയും മണ്ണും നിറഞ്ഞ് കുളം നികന്നു പോകുന്നത് ഒഴിവാക്കാൻ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചെന്നുമാണ്
എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ വാദം
.

Related Tags :
Similar Posts