ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി പറഞ്ഞില്ലെന്ന സഭയുടെ വാദം പൊളിഞ്ഞു
|ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ സഭയുടെ ഒളിച്ച് കളികളും പുറത്ത്. മാര്‍പ്പാപ്പയ്ക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്ന് തെളിയിക്കുന്ന കന്യാസ്ത്രീയുടെ കത്ത് മീഡിയവണ്ണിന് ലഭിച്ചു.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ സഭയുടെ ഒളിച്ച് കളികളും പുറത്ത്. മാര്‍പ്പാപ്പയ്ക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്ന് തെളിയിക്കുന്ന കന്യാസ്ത്രീയുടെ കത്ത് മീഡിയവണ്ണിന് ലഭിച്ചു. കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ പരാതി ഉന്നയിച്ചില്ലെന്ന സഭയുടെ വാദത്തെ തള്ളുന്ന കത്തും പുറത്തുവന്നു.
ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണങ്ങള്‍ സഭയ്ക്കുളളില്‍ കന്യാസ്ത്രീ ഉന്നയിച്ചില്ലെന്നായിരുന്നു സഭയുടെ വാദം. എന്നാല്‍ മാര്‍പ്പാപ്പ പോലും വിഷയത്തില്‍ ഇടപെട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ മെയ് 14 തിയതി മാര്‍പ്പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ പ്രതിനിധിക്ക് കത്ത് നല്കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ജൂണ്‍ 22 കന്യാസ്ത്രീ വീണ്ടും കത്ത് നല്കി. സഭ നടപടി സ്വീകരിക്കാത്തതിനാല്‍ നിയമനടപടിയിലേക്ക് പോകുകയാണെന്നാണ് കന്യാസ്ത്രീ ഈ കത്തില്‍ പറഞ്ഞിരിക്കുന്നത്. തനിക്കും സഹോദരനും എതിരെ ബിഷപ്പ് നിയമനടപടി സ്വീകരിച്ചതിനാലാണ് ഇതെന്നും കന്യസ്ത്രീ കത്തില്‍ പറയുന്നു. ഇതോടൊപ്പം പരാതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കന്യസ്ത്രീ തയ്യാറായില്ലെന്ന മദര്‍ജനറലിന്റെ വാദവും പൊളിഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഡിസംബറില്‍ തന്നെ മദര്‍ ജനറലിന് കന്യസ്ത്രീ നല്കിയ കത്തും പുറത്ത് വന്നു.
സഭയ്ക്കുളളില്‍ യാതൊരു നീതിയും ലഭിച്ചില്ലെന്ന തെളിവുകള്‍ പുറത്ത് വരുമ്പോള്‍ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതാ വികാര ജനറല്‍ രംഗത്ത് വന്നിട്ടുണ്ട്. രൂപതയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തും നല്കിയിട്ടുണ്ട്.