Kerala
കേരള സന്ദര്‍ശനത്തിനിടെ ജലന്ധര്‍ ബിഷപ്പ് മറ്റ് മഠങ്ങളിലെത്തിയിരുന്നോ?
Kerala

കേരള സന്ദര്‍ശനത്തിനിടെ ജലന്ധര്‍ ബിഷപ്പ് മറ്റ് മഠങ്ങളിലെത്തിയിരുന്നോ?

Web Desk
|
11 July 2018 6:00 AM GMT

കുറവിലങ്ങാടിന് പുറമേ കണ്ണൂർ ജില്ലയിലാണ് ജലന്ധർ സഭയ്ക്ക് മഠങ്ങൾ ഉള്ളത്. ഇവിടെ നേരിട്ടെത്തി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ  തീരുമാനം.

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തിൽ സഭയ്ക്ക് കീഴിലെ മറ്റ് മഠങ്ങളിലും തെളിവെടുപ്പ് നടത്തും. കണ്ണൂർ ജില്ലയിലുള്ള രണ്ട് മഠങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവുകൾ പൂർണ്ണമായി ശേഖരിച്ചതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. 2014 മുതലുള്ള കാലയളവിൽ ബിഷപ്പ് നടത്തിയ കേരള സന്ദർശനത്തിനിടെ ആയിരുന്നു പീഡനം. ഈ ഈ സാഹചര്യത്തിലാണ് ബിഷപ്പ് മറ്റു മഠങ്ങളിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.

കുറവിലങ്ങാടിന് പുറമേ കണ്ണൂർ ജില്ലയിലാണ് ജലന്ധർ സഭയ്ക്ക് മഠങ്ങൾ ഉള്ളത്. ഇവിടെ നേരിട്ടെത്തി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മഠങ്ങളിലെ രജിസ്റ്ററുകൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം കന്യാസ്ത്രീകളിൽ നിന്നും മൊഴിയും രേഖപ്പെടുത്തും.

എല്ലാ തെളിവുകളും ശേഖരിച്ചതിനു ശേഷം മാത്രം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയാൽ മതിയെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ആയതിനാൽ തെളിവെടുപ്പ് പൂർത്തിയായതിനുശേഷം മാത്രമേ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തുകയുള്ളു. ജലന്ധറിലേക്ക് പോകുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

Related Tags :
Similar Posts