കെ.എസ്.ആർ.ടി.സിയുടെ ‘ചില്‍ ബസ്’ ആഗസ്റ്റ് ഒന്ന് മുതല്‍
|കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള മുഴുവൻ ലോഫ്ലോർ എ.സി ബസുകളും നിരത്തിലിറക്കാനാണ് പുതിയ പദ്ധതി. 219 എ.സി ലോ ഫ്ലോർ ബസുകൾ ആദ്യ ഘട്ടത്തിൽ ചിൽ ബസുകളായി സർവീസ് ആരംഭിക്കും.
കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന എ.സി ബസ് സർവീസ് ആരംഭിക്കുന്നു. ചിൽ ബസ് എന്ന പേരിൽ അടുത്ത മാസം ഒന്നാം തീയതി മുതൽ സർവീസ് ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ സർവീസ്.
കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള മുഴുവൻ ലോഫ്ലോർ എ.സി ബസുകളും നിരത്തിലിറക്കാനാണ് പുതിയ പദ്ധതി. 219 എ.സി ലോ ഫ്ലോർ ബസുകൾ ആദ്യ ഘട്ടത്തിൽ ചിൽ ബസുകളായി സർവീസ് ആരംഭിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയും സംസ്ഥാനത്തിന്‍റെ കിഴക്കു പടിഞ്ഞാറു ഭാഗത്തും ഒരേ സമയം എ.സി ബസ് ഓടിക്കുന്നതാണ് പദ്ധതി.
രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് സർവീസ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളൊരുക്കിയാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
അടുത്ത ഘട്ടത്തിൽ ഫാസ്റ്റ് ബസ് മുതൽ സൂപ്പർ ഡീലക്സ് വരയും മൂന്നാംഘട്ടത്തിൽ ഓർഡിനറി ബസുകളും നിരത്തിലിറക്കാനുള്ള പദ്ധതിയാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. പുതിയ പദ്ധതികൾ യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുന്നതിനായ് മൊബൈൽ ആപ്പും സജ്ജമാക്കും.