ജലന്ധര്‍ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് രൂപതയുടെ കത്ത്
|ജലന്ധര്‍ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ക്ക് വികാരി ജനറലിന്റെ കത്ത്.
ജലന്ധര്‍ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ക്ക് വികാരി ജനറലിന്റെ കത്ത്. രൂപതയുടെ പ്രതിച്ഛായക്ക് കളങ്കമേറ്റെന്ന് കത്തിൽ പറയുന്നു. രൂപതയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തും നല്‍കിയിട്ടുള്ളത്. പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട് രൂപതാ വികാരി ജനറൽ മാത്യു കോക്കണ്ടമാണ് കത്ത് നൽകിയിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരെ സഭയ്ക്കുളളില്‍ പലതവണ പരാതിപ്പെട്ടിട്ടും പീഡനത്തിനിരയായ കന്യാസ്ത്രീക്ക് യാതൊരു നീതിയും ലഭിച്ചില്ലെന്ന തെളിവുകള്‍ പുറത്ത് വരുമ്പോള്‍ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതാ വികാരി ജനറല്‍ രംഗത്ത് വന്നിട്ടുള്ളത്.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ സഭയുടെ ഒളിച്ച് കളികളും പുറത്ത് വന്നിരിക്കുകയാണ് ഇന്ന്. മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് തെളിയിക്കുന്ന കന്യാസ്ത്രീയുടെ കത്ത് മീഡിയവണ്ണിന് ലഭിച്ചു. കന്യാസ്ത്രീ സഭയ്ക്കുള്ളില്‍ പരാതി ഉന്നയിച്ചില്ലെന്ന സഭയുടെ വാദത്തെ തള്ളുന്ന കത്തും പുറത്തുവന്നിട്ടുണ്ട്. ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണങ്ങള്‍ സഭയ്ക്കുളളില്‍ കന്യാസ്ത്രീ ഉന്നയിച്ചില്ലെന്നായിരുന്നു സഭയുടെ വാദം. എന്നാല്‍ മാര്‍പ്പാപ്പ പോലും വിഷയത്തില്‍ ഇടപെട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ മെയ് 14 തിയതി മാര്‍പ്പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ പ്രതിനിധിക്ക് കത്ത് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ജൂണ്‍ 22 കന്യാസ്ത്രീ വീണ്ടും കത്ത് നല്കി. സഭ നടപടി സ്വീകരിക്കാത്തതിനാല്‍ നിയമനടപടിയിലേക്ക് പോകുകയാണെന്നാണ് കന്യാസ്ത്രീ ഈ കത്തില്‍ പറഞ്ഞിരിക്കുന്നത്. തനിക്കും സഹോദരനും എതിരെ ബിഷപ്പ് നിയമനടപടി സ്വീകരിച്ചതിനാലാണ് ഇതെന്നും കന്യസ്ത്രീ കത്തില്‍ പറയുന്നു. ഇതോടൊപ്പം പരാതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കന്യസ്ത്രീ തയ്യാറായില്ലെന്ന മദര്ജനറലിന്റെ വാദവും പൊളിഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഡിസംബറില്‍ തന്നെ മദര്‍ ജനറലിന് കന്യാസ്ത്രീ നല്കിയ കത്തും പുറത്ത് വന്നിട്ടുണ്ട്.
അതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സഭയുടെ കണ്ണൂരിലെ മഠങ്ങളില്‍ തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നാളെ എസ് പിക്ക് കൈമാറും.
രഹസ്യമൊഴിയില്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യങ്ങള്‍ വിശദമായ കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതോടെയാണ് അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് നീങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകും. ഇതിന് മുന്നോടിയായിട്ടാണ് ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് അന്വേഷണസംഘം കത്ത് നല്കി. വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്കാന് വ്യോമയാന മന്ത്രാലയത്തിനും കത്ത് നല്‍കിയിട്ടുണ്ട്.
ബിഷപ്പിന് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും വത്തിക്കാനില്‍ ഉണ്ട്. ആയതിനാല്‍ വത്തിക്കാനിലേക്ക് ബിഷപ്പ് കടന്ന് കളയാനുള്ള സാധ്യയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അറസ്റ്റ് ഉണ്ടായേക്കുമെന്നും സഹായം വേണമെന്നും സംസ്ഥാന ഡിജിപി പഞ്ചാബ് ഡിജിപിയെ അറിച്ചിട്ടുണ്ട്. അറസ്റ്റിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി സഭയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പരാതിയില്‍ പറയുന്ന സമയങ്ങളില്‍ ബിഷപ്പ് ഇവിടെ എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുകയുള്ളു. എന്നാല്‍ അതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമങ്ങള്‍ ബിഷപ്പ് ആരംഭിച്ചതായും സൂചനയുണ്ട്.