Kerala
കേന്ദ്രത്തിന്റെ മോട്ടോർ വാഹന നികുതി ഏകീകരണത്തിനെതിരെ കേരളം
Kerala

കേന്ദ്രത്തിന്റെ മോട്ടോർ വാഹന നികുതി ഏകീകരണത്തിനെതിരെ കേരളം

Web Desk
|
12 July 2018 12:48 PM GMT

കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ 

മോട്ടോർ വാഹന നികുതി നിരക്ക് രാജ്യത്താകെ ഏകീകരിക്കാനുള്ള നീക്കം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം മാത്രം കണക്കിലെടുത്താണ് വിവിധ വിഭാഗങ്ങളിൽ പെട്ട വാഹനങ്ങൾക്ക് 6 ശതമാനം മുതൽ 20 ശതമാനം വരെ നികുതി നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സാധാരണ ജനം ഉപയോഗിക്കുന്ന ഇരു ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, 5 ലക്ഷം രൂപക്ക് താഴെ വരുന്ന കാറുകൾ എന്നിവക്ക് 6 ശതമാനമാണ് നികുതി. കേന്ദ്രത്തിന്റെ പുതിയ തീരുമാനപ്രകാരം ഈ നിരക്ക് ഏകീകരിച്ചാൽ 8 മുതൽ 10 ശതമാനം വരെ നികുതി ഉയരും. എന്നാൽ ആഡംബര കാറുകൾ ഉൾപ്പടെ 20 ലക്ഷത്തിന് മുകളിൽ വില വരുന്ന വാഹനങ്ങൾക്ക് മാത്രമാണ് നികുതി കുറയുന്നത്. ഫലത്തിൽ സാധാരണക്കാരന് കേന്ദ്ര തീരുമാനം ഭാരമാകും. അതുകൊണ്ടാണ് സംസ്ഥാനം കേന്ദ്ര തീരുമാനം തള്ളുന്നതെന്ന് ഗതാഗത മന്ത്രി വിശദീകരിച്ചു.

ഭരണഘടനയും കേന്ദ്ര മോട്ടോർ വാഹന നിയമവും മാറ്റം വരുത്താതെ കേന്ദ്രം തീരുമാനം അടിച്ചേൽപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടിസി എം.ഡി നടപ്പിലാക്കുന്ന പരിഷ്കരണ നടപടികൾ സർക്കാർ അംഗീകാരത്തോടെ മാത്രമേ നടപ്പിലാക്കു. കെ.എസ്.ആർ.ടി.സി സ്വകാര്യവത്കരണത്തിന് സർക്കാർ എതിരാണെന്നും മന്ത്രി പറഞ്ഞു.

Similar Posts