നിപയെ പരാജയപ്പെടുത്തിയ അജന്യ വീണ്ടും ക്ലാസ് മുറിയിലേക്ക്
|കോഴ്സിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴായിരുന്നു അജന്യക്ക് നിപ വൈറസ് ബാധിച്ചത്
നിപയെ അതിജീവിച്ച നഴ്സിങ് വിദ്യാര്‍ത്ഥി അജന്യ വീണ്ടും പഠനത്തിന്റെ ലോകത്തിലേക്ക്. നിപ വൈറസില്‍ നിന്ന് മുക്ത നേടിയിരുന്നെങ്കിലും പുറം ലോകത്തേക്ക് ഇറങ്ങാതെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അജന്യ. അടുത്ത ആഴ്ച മുതലാണ് നഴ്സിങ് കോളേജിലെ ക്ലാസ് മുറിയിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം അജന്യ എത്തുക. കോഴ്സിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴായിരുന്നു അജന്യക്ക് നിപ വൈറസ് ബാധിച്ചത്.
അജന്യക്കിത് പുനര്‍ജന്മമാണ്. നിപ ബാധിച്ചാല്‍ മരണം ഉറപ്പാണെന്ന കണക്കുകൂട്ടലുകള്‍ക്കിടയില്‍ അവള്‍ നിപ വൈറസിനെ അതിജീവിച്ചു. ഐ.സി.യുവില്‍ ഓര്‍മയില്ലാതെ കിടന്ന നാളുകള്‍. പിന്നെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക്. അവിടെ വെച്ചാണ് ഇത്രയും ഭീതിപ്പെടുത്തിയിരുന്ന അസുഖമാണ് തനിക്ക് വന്നതെന്ന് അജന്യ അറിഞ്ഞത്. പിന്നീട് കൂട്ടുകാര്‍ അയച്ചു കൊടുത്ത വാര്‍ത്തകളിലൂടെ നിപയുടെ നാള്‍ വഴികളെല്ലാം അജന്യ അറിഞ്ഞിരുന്നു.
നിപ ബാധിച്ച ഓരോരുത്തരും മരിക്കുമ്പോള്‍ അജന്യക്കൊപ്പം തൊട്ടടുത്തുണ്ടായിരുന്നു അവളുടെ അച്ഛനും അമ്മയും. ആ ഭീതിയില്‍ നിന്ന് മകള്‍ തിരിച്ച് വന്നെന്നറിഞ്ഞ നിമിഷം മുതല്‍ അവര്‍ക്കത് പുതുയുഗമായിരുന്നു.