അഭിമന്യു വധക്കേസ്; കൊലയാളി സംഘത്തെ ഉടന്‍ പിടികൂടാനാകുമെന്ന് പൊലീസ്
|കൊലയാളി സംഘത്തെ സഹായിച്ച കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാവടക്കമുള്ളവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്
അഭിമന്യു വധക്കേസില്‍ കൊലയാളി സംഘത്തെ ഉടന്‍ പിടികൂടാനാകുമെന്ന് പൊലീസ്. കൊലയാളി സംഘത്തെ സഹായിച്ച കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാവടക്കമുള്ളവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ ഇത് വരെ 9 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ രണ്ട് പേര്‍ അറസ്റ്റിലായി. കരിവേലിപ്പടി സ്വദേശി നിസാറും വെണ്ണല സ്വദേശി അനൂപ് സഹദും ചെയ്ത കുറ്റം കൊലയാളി സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതാണെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന കസ്റ്റഡികളും ഇന്നലെ ഉണ്ടായി.വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഷിറാസ് പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ല സെക്രട്ടറിയും മുഹമ്മദിന്റെ അയല്‍വാസിയുമാണ്. ഈ രണ്ട് പേരെയും ചോദ്യം ചെയ്താല്‍ പ്രതികളിലേക്ക് എത്താമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.
എസ്.ഡി.പി.ഐയുടെ മുഖ്യ ഭാരവാഹികളുടെ ഫോണ്‍ വിളികളടക്കം അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ചില പ്രധാന നേതാക്കളുടെ ഫോണ്‍ പൊലീസ് ഇതിനകം തന്നെ പിടിച്ചെടുത്തു കഴിഞ്ഞു. എന്തായാലും അഭിമന്യുവിനെ കൊന്ന കത്തി പിടിച്ച കൈകള്‍ക്കടുത്തേക്ക് തങ്ങള്‍ എത്തിയെന്ന സൂചന തന്നെയാണ് അന്വേഷണ സംഘം നല്കുന്നത്. പക്ഷെ കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്യുന്നത് വൈകിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും പൊലീസ് കണക്കുകൂട്ടുന്നുണ്ട്.