ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം മാറി
|വിദേശത്ത് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലേക്ക് എത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്
വിദേശത്ത് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് മാറി അയച്ചു. അബുദാബിയില്‍ മരിച്ച അമ്പലവയല്‍ സ്വദേശി നിധിന്റെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് നാട്ടിലേക്ക് അയച്ചത്. വയനാട് അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിധിന്‍ കഴിഞ്ഞ മൂന്നാം തീയതിയാണ് അബുദാബിയില്‍ വെച്ച് മരിച്ചത്.
ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നാട്ടില്‍ അമ്പലവയലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് മൃതദേഹം മാറിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്. വിദേശത്ത് വെച്ച് മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് നിധിന്റെ മൃതദേഹത്തിന് പകരം നാട്ടിലേക്ക് അയച്ചത്.
എംബാം ചെയ്ത മൃതദേഹം അബുദാബിയിലെ ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് സൂചന. നിലവില്‍ നിധിന്റെ മൃതദേഹം അബുദാബിയിലെ ആശുപത്രിയിലാണുള്ളത്. നിധിന്റെ ബന്ധുക്കളും മരിച്ച ചെന്നൈ സ്വദേശിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. ഇതിന് ശേഷമാവും മൃതദേഹങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമാവുകയുളളു. നിധിന്റെ മൃതദേഹം അബുദാബിയില്‍ നിന്ന് ബാംഗളുരു വിമാനത്താവളത്തിലേക്കായിരിക്കും അയക്കുക എന്നതാണ് നിലവില്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കുന്ന വിവരം.