ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: കര്‍ദ്ദിനാള്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും
|കേരളത്തില്‍ നിന്ന് ശേഖരിച്ച തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാകും. അന്വേഷണ സംഘം ബിഷപ്പിനെ ജലന്ധറില്‍ എത്തി ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കും.
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ കര്‍ദ്ദിനാളിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം സമയം ചോദിച്ചു. കര്‍ദ്ദിനാളിന് പുറമേ പാല ബിഷപ്പ്, കുറവിലങ്ങാട് വികാരി എന്നിവരുടേയും മൊഴിയെടുക്കും. കേരളത്തിലെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കോട്ടയം എസ് പി അറിയിച്ചു. അതേസമയം വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പിന് അറസ്റ്റ് ചെയ്യുകയുള്ളുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം സംഘം നടത്തുന്ന മൊഴിയെടുക്കല്‍ അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കര്‍ദ്ദിനാളിന്റെയും പാല ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടേയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇവരോട് എപ്പോള്‍ മൊഴി നല്കാന്‍ സാധിക്കുമെന്ന് അന്വേഷണ സംഘം ചോദിച്ചിട്ടുണ്ട്. ഏതാനും ചിലരുടെ മൊഴി കൂടി ലഭിച്ചാല്‍ കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാകും.
കേരളത്തില്‍ നിന്ന് ശേഖരിച്ച തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാകും. അന്വേഷണ സംഘം ബിഷപ്പിനെ ജലന്ധറില്‍ എത്തി ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കും. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളു എന്ന് ഡിജിപി അറിയിച്ചു.
കണ്ണൂരില്‍ അടക്കം നടത്തിയ തെളിവെടുപ്പില്‍ നിര്‍ണ്ണായകമായ ചില സാക്ഷി മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരാതിയിലെ ചില ആരോപണങ്ങളില്‍ വസ്തുതകള്‍ ഇല്ലെന്ന സൂചനകളും ലഭിക്കുന്നുണ്ട്.