വീട്ടമ്മയ്ക്കെതിരായ ലൈംഗിക പീഡനം: സുപ്രീം കോടതിയിൽ ഒന്നാംപ്രതിയായ വൈദികന്റെ മുൻകൂർ ജാമ്യ ഹരജി
|ഒളിവിലുള്ളവർ നാടുവിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ വീടുകളും മറ്റും പൊലീസ് നിരീക്ഷണത്തിലാണ്.
കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തു. നാലാം പ്രതി ഫാദർ ജെയ്സ് കെ ജോർജ് തിങ്കളാഴ്ച ഹരജി നൽകും. അതേ സമയം വൈദികരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം വൃക്തമാക്കി.
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ വ്യാപകമാക്കുന്നതിനിടെയാണ് ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. നാലാം പ്രതി ഫാദർ ജയ്സ് കെ ജോർജ് തിങ്കളാഴ്ച ഹരജി നൽകും. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വൈദികരെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്ക് ഇല്ലാത്തതിനാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് അന്വഷണ സംഘത്തിന്റെ തീരുമാനം.
നിലവിൽ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള മൂന്നാം പ്രതി ഫാദർ ജോൺസൺ വി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ളവർ നാടുവിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ വീടുകളും മറ്റും പൊലീസ് നിരീക്ഷണത്തിലാണ്. ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിന്റെ പാസ്പോർട്ട് രേഖകൾ പൊലീസ് കണ്ടു കെട്ടിയിട്ടുണ്ട്.