കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍
|കോഴിക്കോട് കൈതപൊയിലിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സാജു കുരുവിളയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിലായി
കോഴിക്കോട് കൈതപൊയിലിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സാജു കുരുവിളയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിലായി. തിരൂരിൽ നിന്നാണ് ആലപ്പുഴ സ്വദേശി സുമേഷ് കുമാര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്യുകയാണ്.
പുലർച്ചെ തിരൂർ തലകടത്തൂരിൽ നിന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് കൈതപൊയിലിലെ മലബാർ ഫൈനൻസ് ഉടമ സാജു കുരുവിളയെ പ്രതി മുളക് പൊടി എറിഞ്ഞ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സാജു കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയോടെ മരിച്ചു. വായ്പ അനുവദിക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായ്പ ചോദിച്ച എത്തിയ സുമേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സാജു ഇയാളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായമായത്. മാത്രമല്ല സുമേഷ് തന്നെയാണ് ആക്രമിച്ചതെന്ന് ആശുപത്രിയിൽ കഴിയവേ സാജു പൊലീസിന് മൊഴി നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തെളിവെടുപ്പിനായി കൈതപൊയിലിലേക്ക് കൊണ്ടുപോകും.