അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍
|അഭിമന്യു കൊലപാതകക്കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി. കൊലയാളി സംഘത്തിലുള്‍പെട്ട ആലുവ സ്വദേശി ആദിലാണ് അറസ്റ്റിലായത്. ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റി അംഗമാണ് ആദില്‍.
അഭിമന്യു കൊലപാതകക്കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി. കൊലയാളി സംഘത്തിലുള്‍പെട്ട ആലുവ സ്വദേശി ആദിലാണ് അറസ്റ്റിലായത്. ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റി അംഗമാണ് ആദില്‍.
അഭിമന്യു കൊല്ലപ്പെട്ട് 13 ദിവസത്തിന് ശേഷമാണ് കൊലയാളി സംഘത്തലുള്പെട്ടയാളെ പൊലീസിന് പിടികൂടാനാവുന്നത്. നേരത്തെ സംഭവദിവസം തന്നെ കൃത്യത്തില്‍ പങ്കെടുത്ത മൂന്നു പ്രതികളെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പിടികൂടി പൊലീസിന് കൈമാറിയത്. ആലുവ എടത്തല സ്വദേശിയും ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റിയംഗവുമാണ് പിടിയിലായ ആദില്‍. കൃത്യത്തിലെ ഗൂഡാലോചനയില്‍ ആദിലിന് പങ്കുണ്ടെന്നാണ് പൊലീസ് വാദം. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. ആക്രമണത്തിനായി മുന്‍കൂട്ടി തയ്യാറായി ആയുധങ്ങളുമായാണ് എത്തിയതെന്ന് ആദില്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. കൊലയാളികളെ സഹായിച്ച ആറ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം, കൊലയാളികളെ പിടികൂടുന്നതിലെ കാലതാമസത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പറഞ്ഞു.
പൊലീസ് അന്വേഷണത്തെ വിമര്‍ശിക്കേണ്ടതില്ലെന്നാണ് ജില്ലയിലെ നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. വിമര്‍ശം ആഭ്യന്തര വകുപ്പിനെയും അതുവഴി മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അന്വേഷണം പൊലീസ് നടത്തട്ടെയെന്നും അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. പോപ്പുലര്‍ ഫ്രണ്ട് - എസ്.ഡി.പി.ഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നുണ്ട്.