സംസ്ഥാനത്ത് മഴ ശക്തം; കോട്ടയത്തും ഇടുക്കിയിലും കനത്ത നാശനഷ്ടം; കൊച്ചി വെള്ളത്തിനടിയില്‍
|കഴിഞ്ഞ ഒന്നരമാസത്തിനിടെ 108 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് റവന്യൂവകുപ്പ്. ഇതുവരെ എട്ടുപേര്‍ മരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തം. കമ്മട്ടിപ്പാടത്തെ വീടുകളിലും സൌത്ത് റെയില്‍വെ സ്റ്റേഷനിലും ആലുവ മണപ്പുറത്തും വെള്ളം കയറി. മണികണ്ഠൻ ചാൽ ചപ്പാത്ത്കര കവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ മരിച്ച വെള്ളാരം കുത്ത് ആദിവാസി കോളനിയിലെ ടോമിയുടെ മൃതദേഹം ഇതുവരെ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെ വൈകിട്ടായിരുന്നു ടോമി മരിച്ചത്. ചെല്ലാനം ഉള്‍പ്പെടെയുള്ള തീരപ്രദേശത്തും കടലാക്രമണം രൂക്ഷമാണ്. തൃശൂരിലും കനത്ത മഴ തുടരുകയാണ്. കൊടുങ്ങല്ലൂരില്‍ മാത്രം നാനൂറിലധികം വീടുകള്‍ വെള്ളത്തിനടിയിലായി.
പത്തനംതിട്ടയിലെ താഴ്ന്നപ്രദേശങ്ങള്എല്ലാം വെള്ളത്തിനടയിലാണ്. പമ്പ, അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ കുട്ടനാട്ടില്‍ രണ്ടിടത്ത് മടവീഴ്ചയുണ്ടായി. ജില്ലയില്‍ വ്യാപകമായി റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്ന്നാ 166 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചന്ദ്രൂരില് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ മരംവീണ് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ഒന്നരമാസത്തിനിടെ 108 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് റവന്യൂവകുപ്പ്. ഇതുവരെ എട്ടുപേര്‍ മരിച്ചിട്ടുണ്ട്.
299 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അതേസമയം മഴക്കെടുത്തി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്. കോട്ടയത്തും ഇടുക്കിയിലും കനത്തനാശനഷ്ടമാണ് മഴ വിതച്ചത്. കോട്ടയത്ത് മൂന്ന് സ്ഥലത്ത് ഉരുള്‍ പൊട്ടി. പാലാ, ഈരാറ്റപേട്ട വെള്ളത്തിനടിയിലാണ്. ഇടുക്കിയില്‍ രണ്ട് സ്ഥലത്ത് ഉരുള്‍ പൊട്ടി. ജില്ലയിലെ നദികളെല്ലാം കര കവിഞ്ഞ് ഒഴുകുകയാണ്.
കോട്ടയത്ത് മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. പാല, ഈരാറ്റുപേട്ട ടൗണുകൾ അടക്കം വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. 140ഓളം വീടുകൾ ഭാഗികമായി തകർന്നു. കുമരകം ഒറ്റപ്പെട്ടു. ആലപ്പുഴയിലേക്കും ചേർത്തലയിലേക്കും ഉള്ള കെഎസ്ആര്‍ടിസി സർവ്വീസുകൾ നിർത്തിവെച്ചു. റോഡ് ഗതാഗതവും പലയിടങ്ങളിലും താറുമാറായി. ഇടുക്കിയിലും കഴിഞ്ഞ 48 മണിക്കൂറായി കനത്ത മഴയാണ് ലഭിച്ചത്.
തൊടുപുഴക്ക് സമീപം മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി വീട് ഒലിച്ചുപോയി. വീട്ടിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ അപകടം ഒഴിവായി. മൂലമറ്റം ആശ്രമം റോഡിന് സമീപം ഉടുമ്പന്നൂരും ഉരുള്‍പൊട്ടി. കൃഷിനാശവും ഉണ്ടായി. ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഒന്നര ആഴ്ചക്കിടെ 117- 130ആയി ഉയര്‍ന്നു. ഇരട്ടയാര്‍, പാമ്പാര്‍, കല്ലാര്‍, പെരിയാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകുകകയാണ്. കനത്ത മഴയില്‍ 24 വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.