കടലിപ്പോഴും ആര്‍ത്തലച്ചെത്തുകയാണ്; ചെല്ലാനത്തുകാരെ ജിയോബാഗും ചതിച്ചു
|ജിയോ ബാഗുകള്‍ കൊണ്ട് താല്ക്കാലിക ഭിത്തി നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തീരവാസികള്‍ തെല്ലൊന്ന് സന്തോഷിച്ചു. പക്ഷെ മഴ കനത്തതോടെ കാര്യങ്ങള്‍ പഴയ പടിയായി.
ചെല്ലാനം മേഖലയില്‍ വീണ്ടും കടല്‍ക്ഷോഭം രൂക്ഷമായി. കടല്‍ ഭിത്തി ഇല്ലാത്തതും ജിയോ ബാഗുകള്‍ കൊണ്ടുള്ള അശാസ്ത്രീയ കടല്‍ ഭിത്തി നിര്‍മാണവും വീടുകളെ വെള്ളത്തിനടിയിലാക്കി. മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി തഹസില്‍ദാര്‍ അറിയിച്ചു.
ജന്തുജാലങ്ങള്‍ക്കൊന്നുംതന്നെ ഈ ഉപ്പുവെള്ളത്തിന്റെ വരവിനെ ചെറുക്കാനാകുന്നില്ല. കോടികള്‍ മുടക്കി കടല്‍ ഭിത്തി നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് ചെല്ലാനത്തുകാര്‍ ഇന്നോ ഇന്നലെയോ മനസിലാക്കിയതുമല്ല. എങ്കിലും ജിയോ ബാഗുകള്‍ കൊണ്ട് താല്ക്കാലിക ഭിത്തി നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തീരവാസികള്‍ തെല്ലൊന്ന് സന്തോഷിച്ചു. പക്ഷെ മഴ കനത്തതോടെ കാര്യങ്ങള്‍ പഴയപടിയായി.
കടലിപ്പോഴും ആര്‍ത്തലച്ചെത്തുകയാണ്. പക്ഷെ വീടുകളില്‍ ഇവരാരും സുരക്ഷിതരല്ല. സര്‍ക്കാരിന്റെ ഉറപ്പ് നടപ്പാകില്ലെന്ന് കണ്ടതോടെ സ്വയരക്ഷാര്‍ഥം ചിലര്‍ പ്രത്യേക ഭിത്തി നിര്‍മ്മിച്ച് വീടിനു സംരക്ഷമൊരുക്കി
ജനപ്രതിനിധികളൊന്നും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. എന്നാല്‍ ഇന്നലെ മുതലേ തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ ഇവരാരും ഒരുക്കമല്ല. കടലിനോടു മല്ലിട്ട് നേടിയതെല്ലാം കടലു കൊണ്ടു പോകുന്നെങ്കില്‍ പോകട്ടെയെന്ന മട്ടില്‍ തന്നെ...