Kerala
മഴക്കെടുതി തുടരുന്നു: ഇന്ന് അഞ്ച് മരണം 
Kerala

മഴക്കെടുതി തുടരുന്നു: ഇന്ന് അഞ്ച് മരണം 

Web Desk
|
17 July 2018 4:48 PM GMT

പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് അഞ്ച് പേര്‍ മരിച്ചു. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ ഇന്ന് അഞ്ച് പേരാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തലയില്‍ താറാവ് കര്‍ഷകന്‍ തേങ്ങാതറവീട്ടില്‍ ബാബു ഒഴുക്കില്‍പെട്ടും മാവേലിക്കരയില്‍ തെങ്ങുവിളയില്‍ രാമകൃഷ്ണന്‍ വെള്ളക്കെട്ടില്‍ വീണും മരിച്ചു. മലപ്പുറത്ത് മേലാറ്റൂരിൽ എരുതൊടി നാരായണന്‍‌ ഷോക്കേറ്റും തേഞ്ഞിപ്പലം സ്വദേശിയും ഏഴു വയസ്സുകാരനുമായ മുഹമ്മദ് റബീഅ് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍‌പെട്ടുമാണ് മരിച്ചത്. കോട്ടയം മുണ്ടക്കയത്തെ ദീപുവും ഒഴുക്കില്‍പെട്ടാണ് മരിച്ചത്. ‌

കോട്ടയം ജില്ലയെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. കനത്ത മഴ എറണാകുളത്തിനും കായംകുളത്തിനുമിടയിൽ റെയിൽവേ ഗതാഗതത്തെയും ബാധിച്ചു. പിന്നീട് ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ പൂഞ്ഞാര്‍, തീക്കോയി എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയത് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. കുട്ടനാട്ടില്‍ മടവീഴ്ചയെ തുടര്‍ന്ന് 7136 ഏക്കര്‍ നെല്‍കൃഷി നശിച്ചെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു‍. 128 പാടശേഖരങ്ങളെ മട വീഴ്ച ബാധിച്ചു. രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കൊച്ചി കളമശേരി എച്ച്എംടി കോളനിയിലെ വീടുകളില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കയറിയതോടെ 20 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം രൂക്ഷമായതോടെ 400ലധികം കുടുബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്.

ഇടുക്കി ജില്ലയില്‍ 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടില്‍ മഴക്കെടുതിയില്‍ ഇന്നലെ മാത്രം 9 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ നിലവില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

Related Tags :
Similar Posts