ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന് പൊലിയരുതെന്ന് ഹൈക്കോടതി
|സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിന്റെ പരിണിത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും ചൂണ്ടിക്കാട്ടി.
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയും ജീവന് പൊലിയാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പാലിക്കാത്തതിന്റെ പരിണിതഫലമാണ് അഭിമന്യുവിന്റെ കൊലപാതകം. കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡം മൂന്നാഴ്ച്ചക്കകം അറിയിക്കാനും സര്‍ക്കാറിന് കോടതി നിര്‍ദേശം നല്കി.
കാമ്പസില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍.എസ് അജോയി നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കാമ്പസില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഓരു തുള്ളി രക്തം വീഴാന്‍ അനുവദിക്കരുതെന്ന് കോടതി ചൂണ്ടികാട്ടി. കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് കോടതി പലതവണ ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അത് പാലിച്ചില്ല. ഇതിന്റെ പരിണിതഫലമാണ് അഭിമന്യുവിന്റെ കൊലപാതകം, കാമ്പസുകളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ അഭിമന്യു ഒറ്റപെട്ട സംഭവമാണെന്നും ഇതിന്റെ പേരില്‍ കാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സര്‍ക്കാര്‍ കോളജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണെന്നും കലാലയ രാഷ്ട്രീയവും പൊതു രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും കോടതി വിമര്‍ശിച്ചു. പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതില്‍ തെറ്റില്ല. ഭിന്ന ആശയമുള്ളവരുമായി യോജിക്കാതെ വരുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. അത് സഹിഷ്ണുത കുറവാണെന്നും കോടതി ചൂണ്ടികാട്ടി. പാവപ്പെട്ട കുട്ടികളാണ് പഠനത്തിനായി കാമ്പസുകളിലെത്തുന്നത്. അവര്‍ക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടാകണം. കലാലയ രാഷ്ട്രീയം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശം നല്കി. മൂന്നാഴ്ചക്കകം കാമ്പസ് രാഷ്ട്രീയ നിയന്ത്രണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശം നല്കി.