മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറയ്ക്കില്ല, സുരക്ഷയുടെ ഉത്തരവാദിത്വം കേരളത്തിനെന്ന് തമിഴ്‌നാട്
|മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടി വരെ ജലം സംഭരിക്കുമെന്ന് തമിഴ്‌നാട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടി വരെ ജലം സംഭരിക്കുമെന്ന് തമിഴ്‌നാട്. താഴ്ന്നപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേരളമാണെന്നും തമിഴ്‌നാട് നിലപാടെടുത്തു. ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളി
ഉപസമിതി ഡാം സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിലാണ് നിലപാട് അറിയിച്ച് കേരളവും തമിഴ്നാടും രംഗത്തെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടി വരെ ഉയര്‍ത്താനാണ് തമിഴ്‌നാടിന്റെ നീക്കം. ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കേരളത്തിനാണെന്നും തമിഴ്‌നാട് നിലപാട് സ്വീകരിച്ചു.
നിലവില്‍ 133 അടിയാണ് ഡാമിലെ ജലനിരപ്പ്. സെക്കന്റില്‍ 5941.22 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും. സെക്കന്റില്‍ 1878.72 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇത് വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉപസമിതി ഡാം അടിയന്തരമായി സന്ദര്‍ശിച്ചത്.
മെയിന്‍ഡാം, അണക്കെട്ടിന്റെ സ്പില്‍വേ, ഷട്ടര്‍ എന്നിവയാണ് ഉപസമിതി പരിശോധിച്ചത്. അതെസമയം, ഷട്ടര്‍ ഓപ്പറേറ്റിംഗ് മാനുവല്‍ തമിഴ്‌നാട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാട് മേല്‍നോട്ട സമിതിയെ അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം.