അഭിമന്യു വധം: പ്രതിപ്പട്ടികയില്‍ 24 പേര്
|ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞതിന് ശേഷമോ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമോ മാത്രമായിരിക്കും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് പൊലീസ് നല്കുന്ന സൂചന.
അഭിമന്യു വധക്കേസില്‍ പ്രതിപ്പട്ടികയില്‍ 24 പേര്. ഇതില്‍ 15 പേര് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്നലെ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. കൊലയാളി സംഘത്തിലുള്‍പെട്ട നാല് പേര് കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
പ്രതിപ്പട്ടികയിലുള്ള 24 പേരില്‍ 9 പേര് കൊലയാളികളെ സഹായിച്ചവരാണ്. 15 പേര് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. ഇന്നലെ അറസ്റ്റിലായ മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദാണ് കേസില്‍ നിലവില്‍ ഒന്നാം പ്രതിയെന്ന് പൊലീസ് പറയുന്നു. 24 പ്രതികളില്‍ 11 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റം ചുമത്തി തലശ്ശേരി സ്വദേശി ഷാനാവാസിനെക്കൂടി പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. കൊലപാതക സംഘത്തില്‍ ഉള്‍പെട്ട നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞതിന് ശേഷമോ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമോ മാത്രമായിരിക്കും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് പൊലീസ് നല്കുന്ന സൂചന. കൊലപാതകത്തിന്റെ മുഖ്യാസൂത്രകനെന്ന് പൊലീസ് പറയുന്ന മുഹമ്മദ് നല്കിയ മൊഴിയനുസരിച്ച് കൊലപാതക വിവരം ക്യാമ്പസ് ഫ്രണ്ട് നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ്. മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ക്യാമ്പസില്‍ എസ്എഫ്ഐയെ പ്രതിരോധിക്കണമെന്ന് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് മുഹമ്മദിന്റെ മൊഴി. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിവരം നല്‍കണമെന്ന് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതായും മുഹമ്മദ് മൊഴിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ റിമാര്‍ഡ് ചെയ്തു. മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും.