Kerala
കേരളത്തോട് മുഖംതിരിച്ച് പ്രധാനമന്ത്രി; സര്‍വകക്ഷി സംഘത്തിന് നിരാശ
Kerala

കേരളത്തോട് മുഖംതിരിച്ച് പ്രധാനമന്ത്രി; സര്‍വകക്ഷി സംഘത്തിന് നിരാശ

Web Desk
|
19 July 2018 2:27 PM GMT

റേഷൻ വിഹിത വർധനവില്‍ അനുകൂല പ്രതികരണം ലഭിച്ചില്ല. മഴക്കെടുതിക്കായുള്ള സഹായധനം, കരിപ്പൂർ വിമാനത്താവളം പൂർണ സജ്ജമാക്കൽ, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നിവയിലൊന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തോട് മുഖം തിരിച്ച് പ്രധാനമന്ത്രി. റേഷൻ വിഹിത വർധന അടക്കം ഉന്നയിച്ച വിഷയങ്ങളിലൊന്നും അനുകൂല പ്രതികരണമല്ല പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിലും പ്രധാനമന്ത്രിയുടെ സമീപനം കേരളത്തെ അപമാനിക്കുന്നതായിരുന്നുവെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നപ്പോൾ വെട്ടിച്ചുരുക്കിയ ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന പ്രധാന ആവശ്യത്തിൽ നയപ്രകാരം മാത്രമേ പ്രവർത്തിക്കാനാകൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മഴക്കെടുതിക്കായി സഹായധനം, കരിപ്പൂർ വിമാനത്താവളം പൂര്‍ണ്ണ സജ്ജമാക്കല്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നീ ആവശ്യങ്ങളിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. അങ്കമാലി - ശബരി റെയില്‍ പാത വിഷയത്തില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ തുടര്‍നടപടി സ്വീകരിക്കാമെന്നായിരുന്നു മറുപടി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നിവ സംബന്ധിച്ച ആവശ്യങ്ങളിലും പ്രതികരണം ഉണ്ടായില്ല.

തയ്യാറെടുപ്പുകളില്ലാതെയാണ് സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നായിരുന്നു ബിജെപിയുടെ ആരോപണം. നാല് തവണ അനുമതി നിഷേധിക്കപ്പെട്ട ശേഷം പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചപ്പോഴും നിരാശയായിരുന്നു ഫലം.

Similar Posts