എസ്.ഡി.പി.ഐ പിന്തുണയോടെ ഭരിക്കുന്നവര്‍ രാജിവെക്കണമെന്ന് സി.പി.എം
|തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് സി.പി.എം.
തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ അധികാരത്തിലുണ്ടെങ്കില്‍ രാജിവെക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുന്നത് പാര്‍ട്ടിനയത്തിന് എതിരാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. രണ്ട് ദിവസം നീണ്ട് നില്ക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇന്നാരംഭിക്കും. സി.പി.ഐയുടെ നിര്‍വ്വാഹക സമിതിയും ഇന്ന് ചേരുന്നുണ്ട്.
അഭിമന്യു വധത്തിന് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ സി.പി.എം- എസ്.ഡി.പി.ഐ കൂട്ടുകെട്ട് വ്യാപകമായ ചര്‍ച്ചയായത്. തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ സി.പി.എമ്മിനെ എസ്.ഡി.പി.ഐ പിന്തുണച്ചതോടെ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്.
എസ്.ഡി.പി.ഐ പിന്തുണയോടെ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലിരിക്കുന്നെങ്കില് അത് രാജിവെക്കണമെന്നാണ് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. എസ്.ഡി.പി.ഐ പോലെ വര്‍ഗ്ഗീയ സ്വഭാവമുള്ള പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുന്നത് സി.പി.എം നയത്തിന് എതിരാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. സി.പി.എം -എസ്.ഡി.പി.ഐ ബന്ധം ആരോപിക്കുന്നത് അഭിമന്യു കേസില്‍ പുകമറ സൃഷ്ടിക്കാനാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഇന്നാരംഭിക്കുന്ന സംസ്ഥാനകമ്മിറ്റി യോഗവും ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും, മുന്നണി വിപുലീകരണവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സി.പി.ഐയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗവും ഇന്ന് നടക്കുന്നുണ്ട്. സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സി.പി.ഐ യോഗമെങ്കിലും മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.